Latest News
Loading...

.എം എൽ എ യുടെ ഫണ്ട് വിനിയോഗത്തിന് ഭരണ നേതൃത്വം തടസ്സം സൃഷ്ടിക്കുന്നു


പാലാ: കൊച്ചിടപ്പാടി വാർഡിനോട് നഗരസഭാ ഭരണ നേതൃത്വത്തിന് ശക്തമായ അവഗണനയാണെന്ന് വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ ആരോപിച്ചു.  നഗരസഭയുടെ ഫണ്ട് പ്രതിപക്ഷ വാർഡുകൾക്ക്  അനുവദിക്കുന്നതിൽ കടുത്ത വിവേചനമാണ് ഭരണപക്ഷം കാണിച്ചത്. നിലവിൽ തകർന്ന് കിടക്കുന്ന കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൻ്റെ  അവസ്ഥ അറിഞ്ഞ സ്ഥലം  എം എൽ എ ടാറിംഗ് വേലകൾക്കായി അനുവദിച്ച ഒമ്പത് ലക്ഷം രൂപയുടെ ഫണ്ട് വാർഡിൽ വിനിയോഗിക്കുന്നതിന് ഭരണ നേതൃത്വം തടസ്സം നിൽക്കുകയാണ്.


.പ്രസ്തുത വർക്ക് ടെൻഡർ ചെയ്തപ്പോൾ ഏറ്റെടുത്ത കോൺട്രാക്ടറുടെ കരാർ ഉറപ്പിച്ച് നൽകാതെ കൗൺസിൽ മാറ്റി വച്ചു. ഇതിൽ ശക്തമായ വിയോജിപ്പ് വാർഡ് കൗൺസിലറായ താൻ കൗൺസിലിൽ യോഗത്തിൽ പറഞ്ഞിരുന്നുവെന്ന് സിജി ടോണി പറഞ്ഞു. കൊച്ചിടപ്പാടി വാർഡിലെ പ്രസ്തുത റോഡ് വർക്കിനെക്കുറിച്ച് പൊതുജനങ്ങളുടെ  പരാതിയുണ്ടെന്നാണ് ഭരണ നേത്യത്വം അപ്പോൾ കൗൺസിലിൽ മറുപടിയായി പറഞ്ഞത്. എന്നാൽ ഇത് കളവാണ്. റോഡ് നന്നാക്കാൻ തീരുമാനമെടുക്കുന്നതിൽ പ്രദേശത്തെ ആളുകൾക്ക് പരാതിയുണ്ട് എന്നത് വിശ്വസനീയമായ കാരണമല്ല. റീ ടെൻഡറിലെ ഏക ടെൻഡർ അംഗീകരിക്കുന്നതിനും തടസ്സമുണ്ടെന്ന വാദം നിലനിൽക്കുന്നതല്ല. റീ ടെൻഡറിൽ ലഭിച്ച ഏക ടെൻഡർ അംഗീകരിച്ച നിരവധി ഉദാഹരണങ്ങൾ നഗരസഭാ രേഖകളിൽ തന്നെ ഉണ്ട്.

.ടെൻഡർ റദ്ദാക്കിയ ശേഷം ചേർന്ന കൗൺസിൽ യോഗം പ്രസ്തുത വർക്കിന് ഓഫർ ക്ഷണിക്കാൻ തീരുമാനിച്ചു. ടെൻഡർ വേളയിൽ പന്ത്രണ്ട് ശതമാനമായിരുന്ന ജി എസ് ടി തുക ഇപ്പോൾ പതിനെട്ട് ശതമാനമായി മാറിയിരിക്കുകയാണ്.ഇത് മൂലം വർക്കിൻ്റെ എസ്റ്റിമേറ്റ് വീണ്ടും കളട്രേറ്റിൽ അയച്ച് പുതുക്കി എടുക്കേണ്ടതായി വരികയാണ്.ഇതിന് വീണ്ടും കാലതാമസം നേരിടും.ഇക്കാരണത്താലും നഗരസഭാ ഭരണ  നേതൃത്വത്തിന് താത്പര്യമില്ലാത്ത വർക്ക് എന്ന നിലയിലും കരാറുകാരെല്ലാവരും വർക്ക് എടുക്കാൻ തയ്യാറാവാതെ ഒഴിഞ്ഞ് മാറുകയാണ്. 


.

ഇവിടെ നിയമാനുസൃതമായ നിരതദ്രവ്യം ഉൾപ്പെടെ കെട്ടി വച്ച കരാറുകാരൻ്റെ ടെൻഡർ കൗൺസിൽ  അംഗീകരിച്ച് ഉറപ്പിച്ച് നൽകിയിരുന്നെങ്കിൽ പ്രസ്തുത കരാറുകാരൻ വർക്ക് ഏറ്റെടുത്ത് എഗ്രിമെൻ്റ് വച്ച് സീസണിൽ  വേലകൾ ആരംഭിക്കുമായിരുന്നു.എന്നാൽ ബോധപൂർവം വാർഡിൻ്റെ വികസന പദ്ധതികൾ ഭരണ നേതൃത്വം അട്ടിമറിക്കുകയാണ്.



കൊച്ചിടപ്പാടി  വാർഡിലെ പ്രധാന റോഡ് മോശപ്പെട്ട അവസ്ഥയിലാക്കി തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത് എന്ന് സംശയിക്കുന്നു.

കൊച്ചിടപ്പാടി വാർഡിനോടുള്ള ഭരണനേതൃത്വത്തിൻ്റെ അവഗണന വാർഡിലെ ജനങ്ങളുടെ മുമ്പിൽ തുറന്ന് കാട്ടുമെന്നും കൗൺസിലർ സിജി ടോണി തോട്ടത്തിൽ അറിയിച്ചു.തുടർ നടപടികൾ എം എൽ എ, വാർഡിലെ ജനങ്ങൾ എന്നിവരോടും കൂടാതെ യു ഡി എഫ് നേത്യത്വവുമായും കൂട്ടായി  ആലോചിച്ച് തീരുമാനിക്കും. 

Post a Comment

0 Comments