Latest News
Loading...

ആവേശമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഫ്രീഡം റൺ

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിന വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഫ്രീഡം റൺ കൂട്ടയോട്ടം  സംഘടിപ്പിച്ചു. ത്രിവർണ്ണ ബലൂണുകളും ദേശീയ പതാകകളുമായി നൂറുകണക്കിന് വിദ്യാർത്ഥികളും, എൻസിസി കേഡറ്റുകളും, എൻ.എസ്സ്.എസ്സ്. വോളണ്ടിയർമാരും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. 
 
രാവിലെ പത്തിന് കോളേജ് ക്യാമ്പസ്സിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്രീഡം റണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തത്തിന്റെയും അദ്ധ്വാനത്തിന്റെയും പിൻബലമുണ്ട്. ഈ സ്വാതന്ത്ര്യം ശരിയായ അർത്ഥത്തിൽ വിനയോഗിക്കാനുള്ള കടമ യുവതലമുറയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രി. ബാബു സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. അരുവിത്തുറ കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കോളേജ് പാലത്തിലൂടെ കടുവാമൂഴി വഴി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലെത്തി കോസ്സ് വേയിലൂടെ അരുവിത്തുറ പള്ളി വഴി കോളേജ് റോഡിലൂടെ തിരികെ ക്യാമ്പസ്സിൽ സമാപിച്ചു. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഇരുപത്തഞ്ചോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്റർ കോളേജിയേറ്റ് ഡിബേറ്റ് മൽസരം, ഡോക്യുമെന്ററി ഫിലിം മേള, രംഗോളി, സമൂഹ ചിത്രരചനാ മൽസരം, ഡിജിറ്റൽ ലോഗോ രൂപകൽപനാ മൽസരം, പോസ്റ്റർ രചനാ തുടങ്ങിയ മൽസരങ്ങളും സെമിനാറുകളും ക്യാംപസിൽ നടന്നു വരികയാണ്.






Post a Comment

0 Comments