Latest News
Loading...

മാലിന്യ നിക്ഷേപത്തിന് ചുമത്തിയ പിഴത്തുക കുറച്ചതായി ആക്ഷേപം

തീക്കോയി പഞ്ചായത്ത് പരിധിയിൽ മാലിന്യ നിക്ഷേപം നടത്തിയതിന് ചുമത്തിയ പിഴ തുക രാഷ്ട്രീയ ബന്ധത്തിൻറെ പേരിൽ ഇളവ് കൊടുത്തതായി ആക്ഷേപം. 10000 രൂപ പിഴ ചുമത്തിയത് 2000മാക്കിയാണ് കുറച്ചത്. 

ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചാം തീയതിയാണ് തീക്കോയിക്കും വെള്ളികുളത്തിനും ഇടയിൽ വാഹനത്തിൽ എത്തിച്ച  മാലിന്യം തള്ളിയത്. ഈരാറ്റുപേട്ടയിലെ ഒരു സ്ഥാപനത്തിൽ നിന്നും എത്തിച്ച മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ പിടികൂടുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പ്ലാസ്റ്റിക് മാലിന്യ മാനേജ്മെൻറ് റൂൾ പ്രകാരം 10000 രൂപ പിഴയും ചുമത്തി. 


എന്നാൽ പഞ്ചായത്ത് പ്രസിഡണ്ടും മാലിന്യം തള്ളിയ സ്ഥാപനത്തിൻറെ ഉടമയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കണക്കിലെടുത്ത് തുക 80 ശതമാനത്തോളം വെട്ടിക്കുറച്ചു എന്ന് വാർഡ് മെമ്പറും പ്രതിപക്ഷ അംഗവുമായ രതീഷ് പി എസ് ആരോപിച്ചു. ജൂൺ 27ന് ഈ തുക പഞ്ചായത്തിൽ അടയ്ക്കുകയും ചെയ്തു. ഈ മേഖലയിൽ മാലിന്യനിക്ഷേപം വ്യാപകമാവുകയാണെന്നും ഇത്തരത്തിൽ ഇളവ് നൽകുന്നത് മാലിന്യ നിക്ഷേപം രൂക്ഷമാക്കാൻ സാഹചര്യം ഒരുക്കും എന്നും രതീഷ് ആരോപിച്ചു.



അതേസമയം മാലിന്യ നിക്ഷേപത്തിനുള്ള പിഴ സംബന്ധിച്ച് ബൈലോ പാസായിട്ടില്ലെന്നും അതിനാൽ ഹിയറിങ് നടത്തി തുകയിൽ കുറവ് വരുത്തുകയായിരുന്നു എന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു. പിഴ ഈടാക്കുന്നതിൽ സെക്രട്ടറിയാണ് തീരുമാനമെടുക്കുന്നതെന്നും നിയമപ്രകാരമുള്ള പിഴയാണ് ഈടാക്കിയതെന്നും പ്രസിഡന്റ് KC ജയിംസ് പറഞ്ഞു. നിക്ഷേപിച്ച മാലിന്യം ഇവരെക്കൊണ്ട് തിരികെ എടുപ്പിച്ചിരുന്നു. മാലിന്യ നിക്ഷേപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കക്കൂസ് മാലിന്യം ഒഴുക്കിയവർക്കെതിരെ 25000 രൂപ പിഴ നൽകി കോടതി നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും പ്രസിഡൻറ് പറഞ്ഞു.





Post a Comment

0 Comments