Latest News
Loading...

ആരും മോഡലാക്കരുതേ ഈ മോഡല്‍ ജംഗ്ഷന്‍

വാഹനമിടിച്ച് ഇടിഞ്ഞുപൊളിഞ്ഞ ഡിവൈഡര്‍, ഡിവൈഡറില്‍ ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിച്ചെടികള്‍, തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റ്, 50 മീറ്റര്‍ മാറി തകര്‍ന്ന റോഡും വെള്ളക്കെട്ടും. മോഡല്‍ ജംഗ്ഷനായി പ്രഖ്യാപിക്കപ്പെട്ട മുത്തോലി ജംഗ്ഷനിലാണ് ഈ കാഴ്ചകള്‍. പേര് മോഡല്‍ ജംഗ്ഷന്‍ എന്നാണെങ്കിലും മോഡല്‍ ആക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മുത്തോലി ജംഗ്ഷനിലുള്ളത്. 


മുത്തോലി കവലയിലെ ഡിവൈഡറുകളാണ് ഏറെ ഭീകരം. പലതവണയാണ് ഇരുവശത്ത് നിന്നും ഡിവൈഡറുകളില്‍ വാഹനമിടിച്ച് കയറിയത്. രാത്രികാലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിക്കാത്തത് മൂലം ഇരുട്ടുനിറയുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടത്തില്‍ തകരുന്ന ഭാഗം നന്നാക്കാത്തതിന് പുറമെ അപകടസൂചനയായി റിഫ്‌ളക്ഷന്‍ ലൈറ്റ് പോലുമില്ലാത്തതാണ് വീണ്ടും അപകടത്തിനിടയാക്കുന്നത്. വാഹനമിടിച്ച് ഇളകിയ കല്ല് അടക്കം റോഡിലാണ് ആഴ്ചകളായി കിടക്കുന്നത്.


ഡിവൈഡറില്‍ ഇപ്പോള്‍ രണ്ടടിയോളം ഉയരത്തിലാണ് കാട്ടുചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കൊടുങ്ങൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ച മറയുംവിധമാണ് ചെടികള്‍ വളരുന്നത്. ചേര്‍പ്പുങ്കല്‍ പാലം അടച്ചസാഹചര്യത്തില്‍ ഇതുവഴി വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ അപകടസാധ്യതയാണ് ഇവിടെ ഉയരുന്നത്. 



ജംഗ്ഷനിലെ ലൈറ്റ് തകരാറിലായതോടെ കാലങ്ങളായി ഇവിടെ രാത്രിയില്‍ ഇരുട്ടിലാണ്. വ്യാപാരികളടക്കം ആവശ്യപ്പെട്ടിട്ടും ഇത് നന്നാക്കാന്‍ നടപടിയായിട്ടില്ല. കൊടുങ്ങൂര്‍ റോഡിലെ വെള്ളക്കെട്ടാണ് മറ്റൊരു ദുരിതം. ഒപ്പം റോഡ് തകരുക കൂടി ചെയ്തതോടെ ഏറെ ദുരിതമാണ് വാഹനയാത്രികര്‍ അനുഭവിക്കുന്നത്.




Post a Comment

0 Comments