Latest News
Loading...

സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങളുടെ വാതില്‍ തുറക്കുന്നു


മികവുറ്റ വിദ്യാഭ്യാസ ലഭ്യതയായിരുന്നല്ലോ, കേരളമോഡല്‍ വികസനത്തിന്‍റെ അടിത്തറ .ഇതിനായി അതതു കാലത്തെ ഗവണ്‍മെന്‍റുകളുമായി വിവിധ സമുദായങ്ങള്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു. തല്‍ഫലമായാണ് ഈ മേഖലയില്‍ അസൂയാവഹമായ നേട്ടം നമുക്കു          ണ്ടായത്. എന്നാല്‍ മൂന്നു ദശാബ്ദമായി വിദ്യാഭ്യാസമേഖല അവഗണിക്കപ്പെടുകയോ, തമസ്കരിക്കപ്പെടുകയോ, പ്രശ്നവത്കരിക്കപ്പെടുകയോ ചെയ്യുന്നു. ഇതിനുള്ള പ്രധാന കാരണം  ഗവണ്‍മെന്‍റ്, സേവനമേഖലയില്‍ നിന്ന് സാവധാനം പിന്മാറണമെന്ന നയമായി രിക്കും. ഇത് പുറത്തു പറയാതെ എയിഡഡ് വിദ്യാഭ്യാസത്തെ തളര്‍ത്താനുള്ള നിഗൂഢ തന്ത്രങ്ങള്‍ ഗവണ്‍മെന്‍റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഒപ്പം സ്വാശ്രയ മേഖലക്ക് തുറവി കൊടുക്കുക്കയും ചെയ്തു. ഈ മാറ്റം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉണ്ടായി. അങ്ങനെയാണ് കേരളത്തില്‍ 1995 മുതല്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നത്.ഇന്ന് കേരളത്തിലുള്ള 703 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 476 എണ്ണവും സ്വാശ്രയ മേഖലയിലാണ് ഇത് 67% ആണ്. ഇതിനേക്കാള്‍ കൂടുതലാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ കോളജുകള്‍  കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലം കൊണ്ട് ഇവിടെ ഉണ്ടായ മാറ്റമാണിത്.

ഇരട്ട പ്രതിസന്ധി

വിദ്യാഭ്യാസ മേഖലയില്‍ കേരള ഗവണ്‍മെന്‍റ്  നേരിടുന്ന ഒരു ഇരട്ട പ്രതിസന്ധിയുണ്ട.് പരസ്യമായി എയിഡഡ് മേഖലയെ തള്ളിപറയാനും സ്വാശ്രയ മേഖലയെ സ്വീകരിക്കാനും ഗവണ്‍മെന്‍റിനു കഴിയുന്നില്ല. സ്വാശ്രയ മേഖലയെ ഒഴിവാക്കി സര്‍ക്കാരിനു മുന്‍പോട്ടു പോകാന്‍ ഇനി ആവില്ല. എന്നാല്‍ ഈ മേഖലയെ ഗവണ്‍മെന്‍റ് സര്‍വാത്മനാ അംഗീകരി ക്കുന്നുമില്ല. ഇതിനുള്ള പ്രധാന തെളിവ് ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഉന്നത വിദ്യാഭ്യാസത്തിലെ സ്വാശ്രയ മേഖലയ്ക്ക് ഗവണ്‍മെന്‍റോ, സര്‍വ്വകലാശാലകളോ നൈയ്യാമി കമായ  അടിത്തറയോ, പ്രവര്‍ത്തന പരമായ നിയമങ്ങളോ നല്‍കിയിട്ടില്ല. ഇവിടെയുള്ള ഒരു സര്‍വ്വകലാശാലയും സ്വാശ്രയ മേഖലയെ ഉള്‍കൊള്ളുന്ന വിധത്തില്‍ സ്റ്റാറ്റുട്സ് പരിഷ്കരി ച്ചിട്ടില്ല. റെഗുലേഷന്‍സ് പുതിക്കിയിട്ടില്ല. തല്കാലത്തേക്കുള്ള ചില ഉത്തരവുകളുടെ പിന്‍ ബലം മാത്രമാണ് ഇപ്പോഴും ഈ മേഖലക്കുള്ളത്. അതുകൊണ്ടു ഇത് എന്നും പ്രശ്നങ്ങള്‍ ഒഴിയാത്ത കലുഷിത മേഖലയാണ്.  


താളപിഴയുടെ പ്രഥമ ചുവട്

 സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള  ഗവണ്‍മെന്‍റിന്‍റെ കരുതലിന്‍റെ  പ്രഥമ ചുവട് ആണ് ഈ വര്‍ഷം ഫെബ്രുവരി 19 ാം തിയതി ഗവര്‍ണര്‍ ഒപ്പു വച്ച  കേരള സ്വാശ്രയ കോളേജ് അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ (നിയമനവും സേവന വ്യവസ്ഥകളും) എന്ന ഓര്‍ഡിനന്‍സ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പതിനൊന്നാം തീയതി തിങ്കളാഴ്ച ഈ ഓര്‍ഡിനന്‍സ് ചര്‍ച്ചക്കെടുക്കുകയാണ്. ഈ പ്രഥമ ചുവടുവെപ്പു തന്നെ താളപ്പിഴയോടെയാണ്.
 സ്വാശ്രയ കോളേജുകളുടെ മാനേജ്മെന്‍റുമായോ, അദ്ധ്യാപകരുമായോ യാതൊരു ചര്‍ച്ചയും നടത്താതെയാണ് ഈ ഓര്‍ഡിനന്‍സ് രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കത്തോലിക്കാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അസോസിയേഷന്‍ ഇക്കാര്യം ബഹുമാന്യനായ ഗവര്‍ണറെ  ഏപ്രില്‍ 14 ആം തീയതി നേരില്‍കണ്ട് ഇത് ധരിപ്പിച്ചതാണ്. ചര്‍ച്ചയ്ക്ക് അവസരമൊരുക്കി തരാം എന്ന് ഉറപ്പു നല്‍കുകയും ചെയ്തതാണ്. ഈ ഓര്‍ഡിനന്‍സില്‍ ഒട്ടേറെ പിഴവുകള്‍ ഉള്ളത് പരിഹരിക്കുന്നതിന് മാനേജ്മെന്‍റുമായി ഒരു ചര്‍ച്ച നടത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ ഡോ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും സെക്രട്ടറി റവ ഫാ ചാര്‍സ്  ലിയോണ്‍സും മുഖ്യമന്ത്രിയേയും  വിദ്യാഭ്യാസ മന്ത്രിയേയും ജൂണ്‍ 21 ാം തിയതി നേരില്‍കണ്ട് പറഞ്ഞതും അതിന് അവസരം ഒരുക്കാമെന്ന്  അവര്‍ ഉറപ്പു നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഇതുവരെ ഗവണ്‍മെന്‍റ് മാനേജ്മെന്‍റുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചയും, നടത്തുവാന്‍ തയ്യാറായിട്ടില്ല. ഒക്ടോബര്‍ പതിനൊന്നാം തീയതി തിങ്കളാഴ്ച ഈ ഓര്‍ഡിനന്‍സ്  നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുക്കുകയാണ്. മാനേജ്മെന്‍റ്, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി കുറവുകള്‍ പരിഹരിച്ചിരുന്നെങ്കില്‍ ഈ പ്രഥമ ചുവടുവെപ്പ് കരുത്തുറ്റതാകുമായിരുന്നു. എന്നാല്‍ സകലതും പ്രശ്നവല്‍ക്കരിക്കുന്നതാണല്ലോ കുറെനാളുകളായി വിദ്യാഭ്യാസമേഖലയിലെ തീരുമാനങ്ങള്‍.

 ഓര്‍ഡിനന്‍സിലെ പിഴവുകള്‍

കേരളത്തിലെ സ്വാശ്രയ കോളേജുകളുടെ സുഗമ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാനിടയുള്ള ചില വകുപ്പുകളും മറ്റു ചില കുറവുകളും ഈ ഓര്‍ഡിനന്‍സിലുണ്ട് . അവ പരിഹരിക്കപ്പെടേണ്ടതാണ്

1. അഫിലിയേഷന്‍

സ്വാശ്രയ കോളേജിലെ അദ്ധ്യാപക അനദ്ധ്യാധ്യാപകരുടെ നിയമന വ്യവസ്ഥയാണ് ഈ ഓര്‍ഡിനന്‍സില്‍ പറയുന്നത് ഇതില്‍ വളരെ ഗൗരവകരമായ കാര്യം ഗവണ്‍മെന്‍റ് കണ്ടില്ലെന്ന് നടിക്കുന്നു. കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ ഓരോ വര്‍ഷത്തേക്ക് ലഭിക്കുന്ന താല്‍ക്കാലിക അഫിലിയേഷന്‍ മൂലമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ലഭിച്ച അനുവാദം അടുത്ത വര്‍ഷം ലഭിക്കാതിരിക്കാം. ഈ സാഹചര്യത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി മാത്രമേ നിയമിക്കാനാവു.സ്ഥിരമായി ജീവനക്കാരെ നിയമിക്കാനാവാത്ത  സാഹചര്യത്തില്‍ ഈ ഓര്‍ഡിനന്‍സിന് യാതൊരു പ്രസക്തിയുമില്ല. ഈ ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ ഗവണ്‍മെന്‍റ് സത്യമായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വാശ്രയ കോളേജുകള്‍ക്ക് അഫിലി യേഷന്‍ (താല്‍ക്കാലികമല്ലാത്ത) നല്‍കി ജീവനക്കാരെ സ്ഥിരമായി നിയമിക്കാനുള്ള സാഹചര്യമൊരുക്കണം.
.2.ഇ  പി എഫും  ഇന്‍ഷ്വറന്‍സും

ഓര്‍ഡിനന്‍സിലെ 4 (4), 4(5) വകുപ്പുകള്‍ പ്രകാരം വിദ്യാഭ്യാസ ഏജന്‍സി അവരുടെ കോളേ ജുകളില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഇ  പി എഫിലും  ഇന്‍ഷുറന്‍സ് പദ്ധതിയിലും ചേര്‍ക്കണമെന്നതാണ്.  ഇത് നല്ലൊരു കാര്യമാണ്. ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാരു  മാത്രമുള്ളിടുത്ത് ഇത് എത്രകണ്ട് കാര്യക്ഷമമായി നടപ്പിലാക്കാനാവും എന്നു  സംശയമുണ്ട്. നിയമിക്കപ്പെട്ട കഴിഞ്ഞുള്ള ക്ഷേമത്തേക്കാള്‍ വിലപ്പെട്ടത് സ്ഥിരമായ ഒരു    നിയമനം ആണല്ലോ.

3.ശിക്ഷണ നടപടി
ഒരു ജീവനക്കാരനെ നിയമിക്കുന്ന ആളിനാണ് ശിക്ഷണ നടപടി എടുക്കാന്‍ ഉള്ള അധികാരം എന്നാല്‍ ഈ ഓര്‍ഡിനന്‍സിലെ  വകുപ്പ്  5 പ്രകാരം ജീവനക്കാരുടെ അച്ചടക്കനടപടി മേലുള്ള അന്തിമതീരുമാനം മാനേജര്‍ക്കല്ല സിന്‍ഡിക്കേറ്റിനാണ് നല്‍കിയിരിക്കുന്നത്. എന്നു  മാത്രമല്ല 11 ാം  വകുപ്പ് പ്രകാരം പരാതിയില്‍ സിന്‍ഡിക്കേറ്റ് തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ സിവില്‍ കോടതിക്ക് പോലും ഇതില്‍ ഇടപെടാനാവില്ല. എയിഡഡ്  കോളേജുകളില്‍ പോലുമില്ലാത്ത വിധത്തില്‍
 ഈ പരമാധികാരം സിന്‍ഡിക്കേറ്റിനു  നല്‍കിയിരിക്കുന്നത് നൈയ്യാ മികമായി  നിലനില്‍ക്കുന്നതല്ല


.4.അദ്ധ്യാപകരില്ലാത്ത കോളേജുകള്‍

 വകുപ്പ് 3(2)  പ്രകാരം സ്വാശ്രയ കോളേജുകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് റെഗുലേറ്ററി ബോഡി  നിശ്ചയിക്കുന്ന യോഗ്യതകള്‍ ഉണ്ടാവണം യോഗ്യതയില്ലാതെ മുമ്പു  നിയമിക്കപ്പെട്ടവര്‍ ഗവണ്‍മെന്‍റ് പറയുന്ന തീയതിക്കുള്ളില്‍ പ്രസ്തുത യോഗ്യത നേടണം. അല്ലെങ്കില്‍ അവര്‍  പിരിഞ്ഞു പോകേണ്ടിവരും. റെഗുലേറ്ററി ബോഡിയായ യു ജി സി യും  സര്‍വ്വകലാ ശാലയും  ഇപ്പോള്‍ അദ്ധ്യാപക നിയമനത്തിന് വച്ചിരിക്കുന്ന യോഗ്യത പി ജി ഡിഗ്രിയും നെറ്റുമാണ് (NET). നെറ്റ് പാസായ വളരെ കുറച്ച് അദ്ധ്യാപകര്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം കോളേജുകളില്‍ ഉള്ളത് ഗവണ്‍മെന്‍റ് പറയുന്ന തീയതിക്കുള്ളില്‍ ഈ പരീക്ഷ പാസാ യിട്ടില്ലെങ്കില്‍ അവര്‍ പിരിഞ്ഞു പോകേണ്ടിവരും. ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി കൊണ്ടുവരുന്ന ഈ ഓര്‍ഡിനന്‍സ് അവരുടെ ജോലി തന്നെ  നഷ്ടപ്പെടുത്താന്‍ ഇടയാ ക്കുന്നതാണ്. ചില വിഷയങ്ങളില്‍ നെറ്റ് പാസായവരെ ലഭിക്കാനും ഇടയില്ല. ചുരുക്കത്തില്‍ അദ്ധ്യാപകര്‍ ഇല്ലാത്ത സ്വാശ്രയ കോളേജുകള്‍ വരാന്‍ പോകുന്നു.

5.വേതനകാര്യത്തിലെ അപകടകരമായ നിശബ്ദത
 നിയമന വ്യവസ്ഥയും സേവന വ്യവസ്ഥയയും ഈ ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ വേതനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഇത് മനപ്പൂര്‍വമായിരിക്കാം. നിയ മനവ്യവസ്ഥയും സേവന വ്യവസ്ഥയും സര്‍ക്കാര്‍-എയിഡഡ്  കോളേജിന് സമാനം ആകു മ്പോള്‍ ജീവനക്കാര്‍ അപ്രകാരമൊരു വേതനവും പ്രതീക്ഷിക്കുമല്ലോ. ഇക്കാര്യത്തിലുള്ള ഗവണ്‍മെന്‍റിന്‍റെ നിശബ്ദത ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിതുറക്കും. സ്വാശ്രയ കോളേജുകളിലെ ഫീസ് ഗവണ്‍മെന്‍റ് നിശ്ചയിക്കുന്നതാണ്. അത് പുതുക്കിയിട്ട് എട്ടുവര്‍ഷമായി. ഇപ്പോഴുള്ള ട്യൂഷന്‍  ഫീസ് കൊണ്ട് യു ജി സി നിഷ്കര്‍ഷിക്കുന്നവേതനം അധ്യാപകര്‍ക്ക് നല്‍കാനാവില്ല. അതിനുതകുന്ന തരത്തില്‍ ഗവണ്‍മെന്‍റ് ഫീസ് വര്‍ദ്ധിപ്പിക്കുമോ ?. അത് വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുമോ ?  ഏറ്റവും പ്രധാനപ്പെട്ട വേതന വ്യവസ്ഥയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഈ ഓര്‍ഡിനന്‍സ് നിശബ്ദത പാലിക്കുന്നത്. ?
 ചുരുക്കത്തില്‍  ഈ ഓര്‍ഡിനന്‍സ് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെ വാതില്‍ തുറക്കുകയായിരിക്കും ചെയ്യുന്നത്.

 ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി
 സെക്രട്ടറി
 കേരള കത്തോലിക്കാ അണ്‍ എയിഡഡ്  ആര്‍ട്സ്
 ആന്‍ഡ് സയന്‍സ് കോളേജ് അസോസിയേഷന്‍