പാലാ നഗരത്തില്‍ യാത്രയ്ക്ക് വിഘാതമായി തന്നെ മാറിയ കുഴികളില്‍ ഒടുവില്‍ ടാര്‍ വീണു. ഇത് സംബന്ധിച്ച രാഷ്ട്രീയ അവകാശവാദങ്ങള്‍ മുറുകുന്പോഴും ആര് ചെയ്തതായാലും റോഡ് നന്നായാല്‍ മതിയെന്നാണ് യാത്രക്കാരുടെ നിലപാട്. പക്ഷേ സമൂഹമാധ്യമങ്ങളില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും സ്ഥലം എംഎല്‍എയെ പിന്തുണയ്ക്കുന്നവരും തമ്മില്‍ തര്‍ക്കം മുറുകുകയാണ്.
.നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ നാളുകളായി രൂപപ്പെട്ടുകൊണ്ടിരുന്ന വലിയ കുഴികളിൽ ഇന്ന് ഉച്ചയോടെ പൊതുമരാമത്ത് വകുപ്പ് ടാർ മിശ്രിതം നിറച്ച് റോഡ് ഗതാഗതയോഗ്യമാക്കി. ഇന്നലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരെ അറിയിക്കുകയും ഇതേ തുടർന്ന് കുഴികൾ ഇന്ന് ടാർ ചെയ്തു നവീകരിക്കുകയും ചെയ്തുവെന്നാണ് കേരള കോണ്‍ഗ്രസ് ഭാഷ്യം.
.അതേസമയം മഴ മൂലം പണികള്‍ വൈകിയെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മൂന്ന് വര്‍ഷം മുന്‍പ് റോഡ് റീടാറിംഗ് നടത്തേണ്ടതായിരുന്നു. താന്‍ എംഎല്‍എ ആയിട്ട് 2 വര്‍ഷമായതേയുള്ളുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. സർക്കാരിൽ ഭരണകക്ഷിയായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ മുഖം നോക്കാതെ വിമർശിക്കാൻ തയ്യാറായവർ പാലായോടുള്ള കരുതലാണ് കാണിച്ചു നൽകിയതെന്നും വ്യക്തമാക്കിയ പോസ്റ്റിലൂടെ ജോസ് കെ മാണിക്കെതിരെയും കാപ്പന്‍ പ്രതികരിച്ചു.