Latest News
Loading...

കോഴാ - ഞീഴൂർ റോഡ് നവീകരണത്തിന് 8 കോടി രൂപയുടെ വികസന പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചു.




കുറവിലങ്ങാട്: കിഫ്ബി പദ്ധതിയിൽ കുടുങ്ങി വികസന പ്രതിസന്ധി നേരിടുന്ന കോഴാ - ഞീഴൂർ റോഡ് കിഫ്ബിയിൽ നിന്ന് ഒഴിവാക്കുന്നതിനും ബി.എം & ബി.സി നിലവാരത്തിൽ ടാറിംഗ് നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ പുതിയ പദ്ധതിക്ക് രൂപം നൽകാനും സർക്കാർ തലത്തിൽ തീരുമാനമെടുത്തതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. 

    ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കോഴാ - ഞീഴൂർ റോഡിന് ശാപമോക്ഷം ലഭിക്കാൻ സാഹചര്യം ഒരുക്കപ്പെടുന്നത് നാടിന്റെ വികസന രംഗത്ത് മുതൽ കൂട്ടാകുന്ന കാര്യമാണ്. 

    കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്ന് 2015 ബഡ്ജറ്റിൽ ഉൾപ്പെടുത്തി മുൻഗണനയിൽ റോഡ് വികസനം കൊണ്ട് വന്നെങ്കിലും കിഫ്ബി പദ്ധതിയുടെ മാർഗ്ഗരേഖ നിർദ്ദേശിക്കുന്ന പത്ത് മീറ്റർ വീതി ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം കോഴാ - ഞീഴൂർ റോഡ് വികസനം നടക്കാതെ പോയതിന്റെ മുഖ്യ കാരണമായി തീർന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

    2010 മുതലുള്ള കാലഘട്ടത്തിൽ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വരുമെന്നുള്ള പ്രഖ്യാപനം ഉണ്ടായെങ്കിലും നാളിതുവരെ ഇക്കാര്യത്തിലും യാതൊരു വിധ അനുകൂല നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ മൂലം  റോഡ് വികസനം പ്രതിസന്ധിയിലായി കിടക്കുകയാണ്. നിലവിലുള്ള എട്ട് മീറ്റർ വീതിയിൽ സമീപ റോഡുകൾ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്തത് പോലെ കോഴാ - ഞീഴൂർ റോഡും   നവീകരിക്കണമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ധനകാര്യ - പൊതുമരാമത്ത് വകുപ്പ് - കിഫ്ബി അധികൃതർ ഇക്കാര്യത്തിൽ ജനോപകാരപ്രദമായ പ്രശ്ന പരിഹാര നിലപാട് എടുക്കാൻ തയ്യാറാകാതെ വന്നതാണ് റോഡ് വികസനം നടക്കാതെ പോകാൻ കാരണമായതെന്ന വസ്തുത എംഎൽഎ പുതിയ മന്ത്രിമാരെ ബോധ്യപ്പെടുത്തി. 
    
   
.ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള റോഡിന്റെ വീതി പരമാവധി പ്രയോജനപ്പെടുത്തി 8 മീറ്റർ വീതിയിൽ ബി.എം & ബി.സി ടാറിംഗ് പ്രവർത്തി നടപ്പാക്കി എടുക്കുന്നതിനുള്ള പുതിയ പദ്ധതിക്കാണ് പ്രാഥമികമായി രൂപം കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം കോഴാ - ഞീഴൂർ റോഡിന് വേണ്ടി തയ്യറാക്കിയ 8 കോടി രൂപയുടെ പ്രാഥമിക പ്രൊപ്പോസൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് മോൻസ് ജോസഫ് എംഎൽഎ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഓഫീസിൽ നടത്തിയ ചർച്ചയിൽ വച്ച് സമർപ്പിച്ചു. കോഴാ - ഞീഴൂർ റോഡ് വീതി കൂട്ടി ടാറിംഗ് നടത്തുന്നതോടൊപ്പം അപകടാവസ്ഥയിലായ വിവിധ കലുങ്കുകളും, ചെറിയ പാലങ്ങളും പുതുക്കി നിർമ്മിക്കുന്നതിനും നിർദ്ദേശം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ഇത് കൂടി ഇപ്രാവശ്യത്തെ പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ബി.എം & ബി.സി നിലവാരത്തിൽ കോഴാ - ഞീഴൂർ റോഡ് വികസിപ്പിക്കാത്തത് മൂലമുള്ള പ്രയാസങ്ങൾ മോൻസ് ജോസഫ് എംഎൽഎ മന്ത്രിമാരെ ബോധ്യപ്പെടുത്തുകയുണ്ടായി.

. മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ നിന്ന് ഈ വർഷം പൊതുമരാമത്ത് വകുപ്പ്  നവീകരണത്തിനായി ഏറ്റെടുക്കുന്ന ആദ്യത്തെ മേജർ ഡിസ്ട്രിക്ട് റോഡായി കോഴാ - ഞീഴൂർ റോഡ് ഉൾപ്പെടുത്തിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. 
    ബഡ്ജറ്റ് മുഖാന്തിരമോ മറ്റേതെങ്കിലും പദ്ധതിയിൽ ചേർത്തോ ഇക്കാര്യത്തിൽ ഫണ്ട് അനുവദിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ റോഡ് സഞ്ചാര യോഗ്യമാക്കി സംരക്ഷിക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുന്നതിനും തീരുമാനിച്ചു.
    കോഴാ മുതൽ റോഡിന് ഇരുവശവും വെട്ടിപ്പൊളിച്ച ഭാഗത്ത് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു. 

    കോഴാ - ഞീഴൂർ റോഡിന്റെ ഭാവി വികസനം സംബന്ധിച്ച് 
കടുത്തുരുത്തി ടി.ബി ഹാളിൽ വച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള യോഗം എംഎൽഎ വിളിച്ച് ചേർത്ത് ആവശ്യമായ ചർച്ച നടത്തി റോഡ് വികസന പദ്ധതിക്ക് രൂപം നൽകി. പൊതുമരാമത്ത് വകുപ്പ് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, കടുത്തുരുത്തി അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജു ബാലൻ, തലയോലപ്പറമ്പ് അസ്സി. എൻജിനീയർ എസ്. ഗിരീഷ്, കുറവിലങ്ങാട് അസ്സി. എൻജിനീയർ എസ്. അനീഷ് എന്നിവർ എംഎൽഎ യോടൊപ്പം ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് വിവിധ നിർദേശങ്ങൾ സമർപ്പിച്ചു. ഫണ്ട് അനുവദിച്ച് കൊണ്ടുള്ള  സർക്കാർ അനുമതി ലഭിച്ചാൽ ഉടനെ ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചിച്ച്  കൊണ്ട് ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും തീരുമാനിച്ചു.

Post a Comment

0 Comments