Latest News
Loading...

വൈദിക ശ്രേഷ്ഠന് പൗരാവലിയുടെ ആദരവ് എം.എൽ.എ സമർപ്പിച്ചു

കുറുപ്പന്തറ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സമൂഹത്തിന് മുഴുവൻ മാതൃകയാകുന്നതുമായ സത് കൃത്യത്തിന് നേതൃത്വം നൽകിയ കോതനല്ലൂർ തൂവാനിസാ ധ്യാനകേന്ദ്രം ഡയറക്ടറും, തൂവാനിസാ സെന്റ്: മേരീസ് ക്നാനായ പള്ളിയുടെ വികാരിയായ റവ: ഫാ: ജോസഫ് ഈറാഴേത്തിന് പൗരാവലിയുടെ ആദരവും, അനുമോദനവും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സമർപ്പിച്ചു.

   കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും, തിരികെ കൊണ്ട് വരുന്നതിനും തൃപ്തികരമായി കോ വിഡ് രോഗികൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന നിലയിൽ സൗകര്യം ലഭിക്കണമെന്ന് ആഗ്രഹിച്ച് കൊണ്ട് റവ: ഫാ. ജോസഫ് ഈറാഴേത്ത് അച്ചന്റെ പേരിലുണ്ടായിരുന്ന സിഫ്റ്റ് കാർ മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന് കൈമാറുന്ന തീരുമാനമാണ് സമൂഹത്തിന്റെ മുഴുവൻ ആദരവ് പിടിച്ച് പറ്റിയത്. ഒമ്പതര ലക്ഷം രൂപ വിലവരുന്ന കാറിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള രേഖകൾ അച്ചൻ ചടങ്ങിൽ വച്ച് നൽകുകയുണ്ടായി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് മാസത്തെ അച്ചന്റെ ഓണറേറിയം സമർപ്പിച്ച് കൊണ്ട് 22,000 രൂപയുടെ ചെക്കും അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ പക്കലേക്ക് അച്ചൻ കൈമാറുകയുണ്ടായി. റവ. ജോസഫ് ഈറാഴേത്ത് അച്ചന് കോവിഡ് രോഗം വന്നപ്പോൾ ആംബുലൻസിൽ യാത്ര ചെയ്യുന്നത് മുതൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വരാൻ കാരണമായതെന്ന് അച്ചൻ ചടങ്ങിൽ വെച്ച് വ്യക്തമാക്കുകയുണ്ടായി. തന്റെ അമ്മയിൽ നിന്ന് ലഭിച്ച ദാന ധർമ്മത്തിന്റെ പ്രോത്സാഹനമാണ് അമ്മ ദിനത്തിൽ ഇപ്രകാരമുള്ള തീരുമാനം കൈക്കൊള്ളാൻ പ്രചോദനമായതെന്നും അച്ചൻ ചൂണ്ടിക്കാട്ടി. 

നന്മയുടെ നിറകുടമായി തീർന്ന റവ: ഫാ. ജോസഫ് ഈറാഴേത്തിനെ പ്രത്യേകം അഭിനന്ദിച്ച് കൊണ്ടാണ് മോൻസ് ജോസഫ് എം.എൽ.എ സംസാരിച്ചത്. ഇതു കൂടാതെ കോട്ടയം അതിരൂപതയെ പ്രത്യേകം അഭിനന്ദിക്കാനും അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ഈ സന്ദർഭം വിനിയോഗിച്ചു. കോവിഡ് സെന്ററിന് ആരും സ്ഥലം വിട്ട് കൊടുക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ സെന്റർ കഴിഞ്ഞ വർഷം കോതനെല്ലൂരിലെ തൂവാനിസായിൽ തുറക്കാൻ അനുമതി നൽകിയ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലേക്കാട്ട് പിതാവിനെയും, വികാരി ജനറാൾ റവ: ഫാ. മൈക്കിൾ വെട്ടിക്കാട്ട് അച്ചനെയും, കോട്ടയം അതിരൂപതയെയും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ വെച്ച് നന്ദിപൂർവ്വം സ്മരിച്ചു. ഈ വർഷവും തൂവാനിസായിലെ കോവിഡ് സെന്റർ പ്രവർത്തനം തുടരുകയാണ്. 

   തൂവാനിസ ഡയറക്ടർ റവ: ഫാ. ജോസഫ് ഈറാഴേത്തിന്റെ വാഹനം ഗ്രാമ പഞ്ചായത്തിന് കൈമാറിയ ചടങ്ങിൽ സ്ഥലം എം.എൽ.എ അഡ്വ. മോൻസ് ജോസഫിനെ കൂടാതെ വിവിധ ജനനേതാക്കൾ പങ്കെടുക്കുകയുണ്ടായി. കോട്ടയം എം.പി തോമസ് ചാഴിക്കാടൻ, ഏറ്റുമാനൂർ എം.എൽ.എ വി.എൻ വാസവൻ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, മാഞ്ഞൂർ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്മാരായ സുനു ജോർജ്, സി.എം ജോർജ്, മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലൂക്കാസ് മാക്കീൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മണിത്തൊട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, പള്ളിയുടെ ട്രസ്റ്റിമാർ, സിസ്റ്റേഴ്സ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments