Latest News
Loading...

പടുതയ്ക്ക് കീഴെ ദുരിത ജീവിതം

വലിച്ച് കെട്ടിയ പടുതയ്ക്ക് കീഴെ ദുരിതമനുഭവിച്ച് കഴിയുകയാണ് ഹൃദ്‌രോഗിയായ മകനും ഓർമ്മക്കുറവുള്ള അമ്മയും. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ചകിണിയാംതടം വാർഡിലാണിവരുടെ താമസം. വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തെങ്കിലും മറ്റ് മാർഗ്ഗമില്ലാത്തതിനാൽ ഇവരുടെ താമസം ടാർപ്പോളിന്റെ അടിയിലാണ്

മൂന്നിലവ് മങ്ങാട്ട്ക്കുന്നേൽ 80കാരിയായ ജാനകി ദാമോദരനും, മകൻ 50 കാരനമായ ഷാജിയുമാണ് പടുതാ ഷീറ്റിന് അടിയിൽ ദീതിയോടെ കഴിയുന്നത്. ഷാജി ഹൃദ്‌രോഗിയാണ്. ജാനകി 5 വർഷം മുൻപ് വീണതോടെ ഓർമ്മക്കുറവും, കാഴ്ച കുറവം അനുഭവപ്പെട്ട് തുടങ്ങി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളും ഇരുവർക്കുമുണ്ട്. 

ഓട് മേഞ്ഞിരുന്ന വീടിന് മുകളിൽ നാല് വർഷം മുൻപ് മരം വീണതോടെ മേൽക്കൂര തകരുകയായിന്നു. തുടർന്നങ്ങോട്ട് രണ്ട് പ്രളയകാലമടക്കം ഇവർ ഈ പടുതക്ക് കീഴിലാണ് കഴിയുന്നത്. താമസസ്ഥലത്ത് ചെല്ലണമെങ്കിൽ തന്നെ ഒന്നര കിലോമീറ്ററോളം വിജനമായ തോട്ടത്തിലൂടെ നടക്കണം. 

അസുഖം മുലം ജോലിക്കും പോകാൻ കഴിയില്ല. ജാനകിയടെ പെൻഷനും ഷാജിക്ക് വല്ലപ്പോഴും ലഭിക്കുന്ന പണിയുമാണ് ഇവരുടെ ഏക വരുമാന മാർഗ്ഗം. ആകെ ഉള്ള 40 സെൻ്റ് സ്ഥലം തലപ്പലം സർവീസ് സഹകരണ ബാങ്കിൽ ഈട് വച്ച് മറ്റെരു സ്ഥലം വാങ്ങുനതിനായി 1998 ൽ 50000 രൂപ ലോണെടുത്തു.

 എന്നാൽ പണം ചികിൽസയ്ക്കായി ചിലവഴിക്കേണ്ടി വന്നതോടെ സ്ഥലം വാങ്ങുവാൻ കഴിഞ്ഞില്ല. ലോൺ തിരിച്ചടവ് മുടങ്ങുകയ്യും ചെയ്തു. ഇതോടെ 2003 ൽ ബാങ്ക് വീട് ജപ്തി ചെയ്തു. സ്ഥലം ബാങ്കിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഈ കാലയളവിൽ എഴുതി തള്ളലുകൾ വന്നെങ്കിലും ഈ ലോൺ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ ബാങ്ക് തയ്യാറായില്ല. 

 മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്ന് പലിശയും പിഴപ്പലിശയും ഒഴിവാക്കി വൺ ടൈം സെറ്റിൽമെന്റ് നടത്തുകയൊ, കലാവധി ദീർഘിപ്പിച്ച് നൽകുകയൊ ചെയ്യണമെന്ന് നിർദേശിച്ചെങ്കിലും അതിനും ബാങ്ക് അധികാരികൾ തയ്യാറായില്ല. വീട്ടിൽ ഒഴിപ്പിക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ ബാങ്ക് പിൻവാങ്ങുകയും ഇവർ ഇവിടെ തന്നെ താമസം തുടരുകയുമായിരുന്നു.

 സ്ഥലം ബാങ്കിൻ്റെ പേരിലായതിനാൽ അനുവദിച്ച ധനസഹായം പോലും ലഭിക്കന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത് വഴിയെത്തിയ ദാനിയേൽ ആണ് ജാനകിയുടെയും കുടുംബത്തിൻ്റെയും ദുരിതം പുറം ലോകത്തെ അറിയിച്ചത്. ലോൺ തുകയായ 50000 രൂപാ എങ്ങനെയും അടക്കാൻ ഇവർ തയ്യാറാണെന്നും ഇക്കാര്യത്തിൽ നാട്ടുകാരുടെ സഹായമുണ്ടാകുമെന്നും പൊതു പ്രവർത്തകൻ കൂടിയായ ദാനിയേൽ പറഞ്ഞു.

ചാണകം മെഴുകിയ തറയിൽ വാതിൽ പോലുമില്ലാതെയാണ് അമ്മയും മകനും അന്തിയുറങ്ങുന്നത്. പടുത പലയിടങ്ങളിലും കീറിയതിനാൽ മഴവെള്ളം ഉള്ളിലേക്കാണ് വീഴുന്നത്. അതിസമ്പന്നർക്ക് വേണ്ടി പലവിധ അഡ്ജസ്റ്റ്മെൻ്റുകൾക്കും തയ്യാറാകുന്ന ബാങ്കുകൾ ഇത്തരം ദുരവസ്ഥകൾക്ക് നേരെ കണ്ണടക്കുകയാണ്.

Post a Comment

0 Comments