Latest News
Loading...

ബൂത്തുകള്‍ ഒരുങ്ങി; വോട്ടെടുപ്പ് നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ 2332 പോളിംഗ് ബൂത്തുകളും സജ്ജമായി. ഇന്ന് രാവിലെ മുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തി പ്രാഥമിക ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു. 

രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോള്‍ നടത്തും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് 1512 നിയോജക മണ്ഡലങ്ങളിലായി 5432 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലയില്‍ ആകെ 1613594 വോട്ടര്‍മാരാണുള്ളത്. 

വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷം ആരോഗ്യ വകുപ്പ് കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റയിന്‍ നിര്‍ദേശിക്കുകയോ ചെയ്ത വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പനി പരിശോധിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്തശേഷമാണ് പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. തിരക്ക് ഒഴിവാക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിനും മുനിസിപ്പാലിറ്റികളില്‍ ഓരോ വാര്‍ഡുകള്‍ക്കും മുന്‍കൂട്ടി പ്രത്യേക സമയം നല്‍കിയായിരുന്നു വിതരണം. സാമഗ്രികള്‍ ഏറ്റുവാങ്ങിയശേഷം ബൂത്തുകളിലേക്ക് പോയ വാഹനങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കിയിരുന്നു. 

വോട്ടിംഗ് യന്ത്രങ്ങളും കോവിഡ് പ്രതിരോധ സാമഗ്രികളും ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് ഓരോ ബൂത്തിലേക്കും ലഭ്യമാക്കിയത്. ഗ്രാമ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണുള്ളത്.ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങുന്നതാണ് നഗരസഭകളിലെ വോട്ടിംഗ് യന്ത്രം. 


*പോളിംഗ് വിവരങ്ങള്‍ തത്സമയം നല്‍കാന്‍ പോള്‍ മാനേജര്‍ ആപ്പ്*

പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടതു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരികള്‍ എന്നിവര്‍ക്ക് ലഭ്യമാകുന്നത് പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെയാണ്. മൊബൈല്‍ ഫോണില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടത്. 

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ സാധിക്കുക. വോട്ടെടുപ്പിന്‍റെ പുരോഗതി നിശ്ചിത ഇടവേളകളില്‍ ഇതിലൂടെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ തയ്യാറാക്കിയ ആപ്ലിക്കേഷന്‍റെ സാങ്കേതിക ഏകോപന ചുമതല ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറയ്ക്കാണ്.


ജില്ലയില്‍ പ്രശ്‌നസാധ്യതാ പട്ടികയിലുള്ള 30 പോളിംഗ് ബൂത്തുകളില്‍ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് ദിവസമായ ഇന്ന്(ഡിസംബര്‍ 10) രാവിലെ 5.30 മുതല്‍ പോളിംഗ് തീരുന്നതുവരെ ഈ ബൂത്തുകളിലെ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിംഗിലൂടെ തത്സമയം വീക്ഷിക്കാനാകും.

കെല്‍ട്രോണും ഐ.ടി മിഷനും ചേര്‍ന്നൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനം ജില്ലാ കളക്ടര്‍ എം. അഞ്ജന പരിശോധിച്ചു. എല്ലാ കേന്ദ്രങ്ങളിലും അക്ഷയ സംരംഭകരാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ശേഷിക്കുന്ന 13 ബൂത്തുകളിലെ നടപടികള്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. സ്ഥാനാര്‍ഥികളുടെ ആവശ്യപ്രകാരം രണ്ടു പോളിംഗ് ബൂത്തുകളില്‍ അവരുടെ ചിലവില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും വീഡിയോഗ്രാഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments