Latest News
Loading...

തെക്കേക്കര ഒന്നാം വാര്‍ഡില്‍ സിപിഐ-സിപിഎം സൗഹൃദമല്‍സരം


ജോസ് വിഭാഗം എല്‍ഡിഎഫിലേയ്ക്കത്തെിയതിനെ തുടര്‍ന്ന്, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ടൗൺ സീറ്റ് നഷ്ടപ്പെട്ട സിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുകയാണ്. മുന്‍പ് സിപിഐ മല്‍സരിച്ചിരുന്ന ഒന്നാംവാര്‍ഡ്, കേരള കോണ്‍ഗ്രസിന് നല്‍കിയതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ രണ്ട് പേരാണ് വാര്‍ഡില്‍ മല്‍സരരംഗത്തുള്ളത്. 

2010ലും 15ലും സിപിഐ മല്‍സരിച്ച വാര്‍ഡ് ഇത്തവണ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചതോടെയാണ് സിപിഐ ഇടഞ്ഞത്. രണ്ട് തവണ സിപിഐ തോറ്റതോടെ ഇത്തവണ കേരള കോണ്‍ഗ്രസിലൂടെ വാര്‍ഡ് പിടിക്കാമെന്നാണ് സിപിഎമ്മിന്റെ നിലപാട്. 

എന്നാല്‍ യുഡിഎഫിലായിരുന്ന കാലത്ത് കേരള കോണ്‍ഗ്രസിന് ലഭിക്കാതിരുന്ന സീറ്റ്, എല്‍ഡിഎഫിലേയ്‌ക്കെത്തിയപാടെ തങ്ങളില്‍ നിന്നുമെടുത്ത് കൊടുക്കുന്നതിലാണ് സിപിഐയ്ക്ക് എതിര്‍പ്പ്. 

പല മീറ്റിംഗുകളിലും എതിര്‍പ്പ് അറിയിച്ചിട്ടും തീരുമാനം മാറ്റാതെ വന്നതോടെ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ള കുര്യാച്ചനെ സ്ഥാനാര്‍ത്ഥിയായി സിപിഐ നിശ്ചയിക്കുകയായിരുന്നു. നോമിനേഷന്‍ പിന്‍വലിക്കാനുള്ള നിര്‍ദേശവും സിപിഐ അവഗണിക്കുകയായിരുന്നു. അരിവാള്‍ നെല്‍കതിര്‍ ചിഹ്നത്തിലാണ് സിപിഐ വോട്ട് തേടുന്നത്. 

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ദേവസ്യാച്ചന്‍ വാണിയപ്പുരയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. താനാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന് ദേവസ്യാച്ചന്‍ വാണിയപ്പുര പറഞ്ഞു. ഇടതുമുന്നണിയുടെ മിനുട്‌സിലടക്കം ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 

വാര്‍ഡ് ഇലക്ഷന്‍ കമ്മറ്റി ഓഫീസിലും ദേവസ്യാച്ചന് വേണ്ടിയാണ് സിപിഎം രംഗത്തുള്ളത്. വളരെ കുറച്ച് സിപിഐ പ്രവര്‍ത്തകര്‍ മാത്രമുള്ള വാര്‍ഡില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ലെന്നാണ് ദേവസ്യാച്ചന്റെയും നിലപാട്. 



കഴിഞ്ഞ 2 ടേമുകളില്‍ കോണ്‍ഗ്രസിനായിരുന്നു വാര്‍ഡില്‍ വിജയം. 2010ല്‍ വാര്‍ഡില്‍ വിജയിച്ച റോജിയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജനപക്ഷവും എന്‍ഡിഎയും കൂടി മല്‍സരരംഗത്തിറങ്ങുമ്പോള്‍ 1400ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ ഫലം കണ്ടറിയേണ്ടിവരും.

Post a Comment

0 Comments