സ്ഥാനത്യാഗം ചെയ്ത് സന്യാസജീവിതത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. രണ്ട് ദിവസമായി ഇതുസംബന്ധിച്ച ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി പുറത്തുവിടുന്ന വാര്‍ത്തകളെ ഖണ്ഡിച്ചുകൊണ്ടാണ് ബിഷപ്‌സ് ഹൗസ് വിശദീകരണം നല്‍കിയത്. ഇത് കുപ്രചാരണമാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളിയിലുള്ള ആശ്രമത്തിലേക്കാണ് അദ്ദേഹം പുതിയ ജീവിതത്തിനായി പ്രവേശിക്കുന്നതെന്നും മുരിക്കന്‍ സ്വയംസ്ഥാനമൊഴിയുന്നതു സഭയിലെ അസാധാരണമായ സംഭവമാണെന്നും വാര്‍ത്തകളിലൂടെ പ്രചരിച്ചിരുന്നു. അതേസമയം, രണ്ട് വര്‍ഷം മുന്‍പ് സന്യാസജീവിതം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി വത്തിക്കാനിലേയ്ക്ക് സഹായമെത്രാന്‍ കത്ത് അയച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതിന് അനുമതി ലഭിച്ചെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
1963 ജൂണ്‍ 16നായിരുന്നു മാര്‍ ജേക്കബ് മുരിക്കന്റെ ജനനം. അല്‍ഫോണ്‍സാമ്മയുടെ അമ്മയുടെ കുടുംബമാണ് മുരിക്കന്‍ തറവാട്. 1993 ഡിസംബര്‍ 27നാണ് മുരിക്കന്‍പൗരോഹിത്യം സ്വീകരിച്ചത്. വസ്ത്ര ധാരണത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം അദ്ദേഹം ലാളിത്യം കാത്തു സൂക്ഷിച്ചുപോരുന്നു. വള്ളിച്ചെരുപ്പാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത് . അരമനയില്‍ സ്വയം കൃഷി ചെയ്ത ഭക്ഷണവിഭവങ്ങള്‍ കഴിച്ച് ലളിതമായ ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അതുപോലെ തന്നെ ഔദ്യോഗിക യാത്രക്കൊഴികെ ബസ് യാത്രകളാണ് അദ്ദേഹം തെരഞ്ഞെടുക്കുക. ലാളിത്യം നിറഞ്ഞ ജീവിതംകൊണ്ടും കാരുണ്യപ്രവൃത്തികള്‍കൊണ്ടും നേരത്തെതന്നെ മാതൃകയായ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കന്‍.




