പാലാ: പനയ്ക്കപ്പാലം പുളിമൂട്ടില്‍ ബിനോയിയ്ക്കും കുടുംബത്തിനും മാണി സി കാപ്പന്‍ എം എല്‍ എയുടെ കരുതലിന് നന്ദി പറയാന്‍ വാക്കുകളില്ല. ബ്ലഡ് ക്യാന്‍സര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഖത്തറിലെ ദോഹയില്‍ അടിയന്തിര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നുവെങ്കിലും കൊറോണ ലോക്ഡൗണിനെ അത് മാറ്റി വയ്‌ക്കേണ്ടിവന്നു. നാട്ടില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്താന്‍ പറഞ്ഞ് അവിടുത്തെ ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ ഏറെ ദുരിതത്തിലായ ബിനോയിയെ നാട്ടിലെത്തിക്കാന്‍ മാണി സി കാപ്പന്‍ മുന്നിട്ടിറങ്ങി.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ വിഷയം എത്തിയതോടെ ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ബിനോയി ഇന്നലെ കൊച്ചിയില്‍ പറന്നിറങ്ങി. ഒപ്പം ഭാര്യ ലീമയും സഹോദരി വിമലും.
ദോഹയിലെ ഒരു എലിവേഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ബിനോയി. എട്ടു മാസം മുമ്പ് നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടുപിടിച്ചത്. അടിയന്തിര മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മജ്ജ നല്‍കാന്‍ തയ്യാറായി സഹോദരി വിമല്‍ ദോഹയില്‍ എത്തി. എല്ലാം ധൃതഗതിയില്‍ നീങ്ങി. ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ശസ്ത്രക്രിയാ തിയതിക്കു നാലു ദിവസം മുമ്പ് കൊറോണയെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശുപത്രിക്കാര്‍ ബുദ്ധിമുട്ടറിയിച്ചു. ലോക്ഡൗണായതിനാല്‍ മരുന്നു ലഭ്യത കുറയുമെന്നും രക്തദാതാക്കളുടെ കുറവും ഒക്കെ പരിഗണിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇന്ത്യയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ അപ്പോഴേയ്ക്കും റദ്ദാക്കിയിരുന്നു.
നാട്ടിലെത്താന്‍ പലവഴികളും തേടുന്നതിനിടെ ബിനോയി യുടെ ബന്ധുവായ കട്ടയില്‍ റെജീന സോജന്‍ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് മുഖ്യ ഏജന്റായ അഡ്വ. അജി ജോസിനോട് വിവരം പറഞ്ഞു.
ഇതോടെ കാര്യങ്ങള്‍ക്കു വേഗത കൂടി. മാണി സി കാപ്പന്‍ നേരിട്ടു ചെന്ന് വിവരം മുഖ്യമന്ത്രിയോടു പറഞ്ഞു. ഇതോടെ ഗൗരവം മനസിലായ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദേശകാര്യ മന്ത്രാലയവും എല്ലാ സഹായങ്ങളും നല്‍കിയതോടെ ആദ്യ വിമാനത്തില്‍ ബിനോയിക്ക് ടിക്കറ്റ് ലഭിച്ചു. നാട്ടിലെത്തിയ ബിനോയിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




