കുറവിലങ്ങാട്: വിവിധ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയ നാലംഗ സംഘത്തെ കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. പിടിയിലായവരിൽ രണ്ടുപേർ 14 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളാണ്.
കിടങ്ങൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, തോട്ടുവ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലും പാലാ മുത്തോലിയിലെ വ്യാപാര സ്ഥാപനത്തിലും കുറവിലങ്ങാട് നടന്ന ബൈക്ക് മോഷണക്കേസിലും ഈ സംഘത്തിന് പങ്കുള്ളതായി കുറവിലങ്ങാട് എസ്.എച്ച്.ഒ ലിജോ ജോർജ് അറിയിച്ചു.
.മോഷണത്തിന് ഗൂഗിൾ മാപ്പിന്റെ സഹായം
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പെട്രോൾ പമ്പുകളുടെ ലൊക്കേഷനും പ്രവർത്തന സമയവും മനസ്സിലാക്കുകയായിരുന്നു സംഘത്തിന്റെ രീതി. പകൽ സമയത്ത് സ്ഥലങ്ങൾ നേരിട്ടെത്തി നിരീക്ഷിച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയായിരുന്നു പതിവ്.
കടപ്ലാമറ്റം വയല പുത്തൻപുരയ്ക്കൽ ജോസുകുട്ടി (19), വയലാ കൂരോച്ചാലിൽ അരവിന്ദ് ബാബു (18) എന്നിവരുടെ അറസ്റ്റ് കുറവിലങ്ങാട് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റി.
.കഴിഞ്ഞ ഒരാഴ്ചയായി പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനുകളും മറ്റ് ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ചാണ് പൊലീസ് സംഘത്തെ കണ്ടെത്തിയത്.
എസ്.സി.പി.ഒമാരായ പദ്മകുമാർ, ജോസുകുട്ടി, സുമൻ, ഗ്രേഡ് എ.എസ്.ഐ ജോബി ജോസഫ്, എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
.





0 Comments