മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ മുന്നോടിയായി പാലായിൽ അവലോകനയോഗം ചേർന്നു. കടപ്പാട്ടൂർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ജോസ് കെ മാണി എംപി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തീർത്ഥാടനകാലത്ത് എത്തുന്ന ഭക്തരിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് എംപി പറഞ്ഞു. ഇവരിൽ നല്ലൊരു ശതമാനവും ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് വഴി കണ്ടെത്തുന്നത്. തൊടുപുഴ രാമപുരം റോഡുകളിലൂടെ വരുന്ന തീർത്ഥാടകരെ ഗൂഗിൾ മാപ്പ് , ബൈപ്പാസ് - ജനൽ ആശുപത്രി ലിങ്ക് റോഡ് വഴി എത്തിക്കുന്നത് കൂടുതൽ ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് എംപി പറഞ്ഞു.
.റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രി റോഡ് പൊളിച്ചിട്ടിരിക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും. ഈ സാഹചര്യത്തിൽ പോലീസ് സൈബർ ഡിപ്പാർട്ട്മെന്റുകൾ മുൻകൈയെടുത്ത് മാപ്പിൽ റൂട്ട് സംബന്ധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ നടപടി സ്വീകരിക്കണമെന്ന് എംപി നിർദ്ദേശിച്ചു.
കടപ്പാട്ടൂർ റോഡിലെ കാടുകൾ വെട്ടിതെളിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കണം. ക്ഷേത്രവളത്തിലും സമീപത്തുള്ള ക്യാമറകൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം. കടവുകളിൽ സുരക്ഷാ വേലികൾ നിർമ്മിക്കണം. അപ്രതീക്ഷിത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നത് പതിവായ സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനം വിവിധ ഭാഷകളിൽ തയ്യാറാക്കണമെന്നും നിർദ്ദേശം ഉയർന്നു.
.നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന കർശനമായി തടയും. ഫയർഫോഴ്സ്, കെഎസ്ഇബി, റവന്യൂ, പോലീസ് ഡിപ്പാർട്ട്മെന്റുകൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. പാലാ ആർഡിഒ, മീനച്ചിൽ തഹസിൽദാർ , ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ രാജ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മറ്റൊരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ സ്ഥലം എംഎൽഎ മാണി സി കാപ്പൻ യോഗത്തിന് എത്തിയില്ല.
.






0 Comments