ഇരുമാപ്രമറ്റം സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ഇരുമാപ്ര ജില്ലാ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്യാമ്പ് – 2026 വിവിധ പരിപാടികളോടെ നടന്നു. ഒക്ടോബർ 17 ശനിയാഴ്ച സെന്റ് പോൾസ് സി.എസ്.ഐ. ചർച്ച് ഇരുമാപ്രയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ നിർവഹിച്ചു.
.ഉദ്ഘാടന പ്രസംഗത്തിൽ, പുതിയ തലമുറയെ വിശ്വാസത്തിലും സൗമ്യതയിലും സത്യസന്ധതയിലും അടിയുറച്ചവരായി വളർത്തിയെടുക്കുന്നതിൽ സൺഡേസ്കൂൾ അധ്യാപകർക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തിന്റെ മാത്രമല്ല, സഭയുടെ വിശ്വാസജീവിതത്തിന്റെയും അടിത്തറയായി കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ സേവനം വിലപ്പെട്ടതാണ്. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കൊപ്പം നല്ല സ്വഭാവവും ധാർമിക മൂല്യങ്ങളും വളർത്തിയെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.ജില്ലാ സൺഡേസ്കൂൾ സെക്രട്ടറി കെ. ജെ. ശാമുവേൽ സ്വാഗതം ആശംസിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ട്രഷററും ഇരുമാപ്ര ജില്ലാ ചെയർമാനുമായ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി.
സെന്റ് പോൾസ് സി.എസ്.ഐ. ചർച്ച് വികാരി റവ. റോയി മോൻ പി. ജെ., ചർച്ച് സെക്രട്ടറി അലക്സ് ടി. ജോസഫ്, റവ. ഇമ്മാനുവേൽ രാജ് എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് ബോർഡ് സെക്രട്ടറി റവ. റോയ് പി. തോമസ്, റവ. രാജേഷ് കുഞ്ഞുമോൻ, റവ. ജെ. വിൽസൺ, ചർച്ച് വാർഡന്മാരായ സാമുവൽ ജോസഫ്, വി. ജെ. ജോഷുവ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പിലെ വിവിധ പരിപാടികളെക്കുറിച്ചുള്ള വിശദീകരണം ഇരുമാപ്ര ജില്ലാ സൺഡേസ്കൂൾ കോർഡിനേറ്റർ അനു സാറാ റോയ് നിർവഹിച്ചു. ജില്ലാ സൺഡേസ്കൂൾ ജോയിന്റ് സെക്രട്ടറി ലൗസീ തോമസ് നന്ദി രേഖപ്പെടുത്തി.
.രാവിലെ 9.30ന് രജിസ്ട്രേഷനും ചായസൽക്കാരത്തോടെയുമാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് ഉദ്ഘാടന സമ്മേളനം നടന്നു. അധ്യാപകരുടെ അറിവും പരിശീലനവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് പഠനസെഷനുകൾ സംഘടിപ്പിച്ചു. ആദ്യ രണ്ട് സെഷനുകൾക്ക് ഡോ. സുമി ദാനിയേലും മൂന്നാമത്തെ സെഷന് ഡോ. ഷെൽന റാണി ജി. ബിയും നേതൃത്വം നൽകി. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം തുടർന്ന ക്ലാസുകൾ അധ്യാപകർക്ക് കൂടുതൽ അറിവും പ്രായോഗിക പരിശീലനവും പകർന്നുനൽകുന്നതിന് സഹായകമായി. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചായസൽക്കാരവും ചർച്ചയും നടന്നു.
പുതുതലമുറയ്ക്ക് വിശ്വാസപരവും ആത്മീയവുമായ മൂല്യങ്ങൾ പകർന്നുനൽകുന്നതിനൊപ്പം സൺഡേസ്കൂൾ അധ്യാപകരുടെ അധ്യാപനശേഷി, നേതൃത്വപാടവം, കുട്ടികളോടുള്ള സമീപനം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളുടെ വ്യക്തിത്വവികസനത്തിലും സഭയുടെ ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിലും അധ്യാപകർ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം വിളിച്ചോതുന്നതായി ക്യാമ്പ്.
.





0 Comments