കാണക്കാരി: വീട്ടുമുറ്റത്ത് വഴിയെത്തുകയെന്നത് സ്വപ്നമായി കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി കരുതിയിരുന്ന കാണക്കാരി പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ തടത്തിപ്പറമ്പ് നിവാസികളുടെ വീട്ടുമുറ്റത്ത് വഴിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വഴി ഇല്ലാത്ത നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ പുതിയതായിട്ട് വഴികള്‍ വെട്ടിത്തുറന്നപ്പോള്‍ തടത്തിപ്പറമ്പ് നിവാസികളുടെ വഴിയെന്ന സ്വപ്നം എന്നും സ്വപ്നമായി അവശേഷിച്ചു. രോഗം വന്നാലും മറ്റാവശ്യങ്ങള്‍ വന്നാലും രണ്ടടി നടപ്പാത മാത്രമാണ് തടത്തിപ്പറമ്പ് നിവാസികള്‍ക്ക് ഉപയോഗിക്കുവാന്‍ ഉണ്ടായിരുന്നത്.
. 2 സെന്റു മുതല്‍ 10 സെന്റുവരെ മാത്രം ഭൂമി സ്വന്തമായിട്ടുള്ളവരും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരുമാണ് തടത്തിപ്പറമ്പ് നിവാസികള്‍. വലിയ പണം മുടക്കി സ്ഥലം വിലയ്ക്കു വാങ്ങി റോഡ് നിര്‍മ്മിക്കുവാനുള്ള സാമ്പത്തികശേഷി തടത്തിപ്പറമ്പ് നിവാസികള്‍ക്കുണ്ടായിരുന്നില്ല. കഴിഞ്ഞ 5 പതിറ്റാണ്ടിനിടെ തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചോദിച്ചെത്തുന്ന എല്ലാ സ്ഥാനാര്‍ത്ഥികളോടും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരോടും തടത്തിപ്പറമ്പില്‍ നിവാസികളായ 25-ല്‍പ്പരം കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പ്രധാന ആവശ്യമായിരുന്നു ഒരു വഴി ഈ
.പ്രദേശത്ത് എത്തിച്ചുതരണമെന്നുള്ളത്. പതിവുപോലെയുള്ള ഈ ആവശ്യം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ മത്സരിച്ച ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ മുമ്പിലും അവതരിപ്പിച്ചു. വിജയിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തടത്തിപ്പറമ്പില്‍ വഴിയെത്തിക്കും എന്ന ഉറപ്പ് തടത്തിപ്പറമ്പില്‍ നിവാസികള്‍ക്ക് നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 3 മാസമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ആർ വിജേഷും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി ജെയ്‌സണും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോബി അനിയും പൊതുപ്രവര്‍ത്തകരായ ജോയി ജോര്‍ജ് കൈതയ്ക്കലും മൈക്കിള്‍ പനമടയും എല്ലാ സപ്പോര്‍ട്ടും നല്‍കുകയും കാണക്കാരി സ്വദേശിനിയായ വിജയകുമാരി അജയകുമാര്‍, ഹേമാലയം നാട്ടുനടപ്പുള്ള വിലയ്ക്ക് റോഡ് നിര്‍മ്മാണത്തിനായി കാണക്കാരി - വെമ്പള്ളി റോഡ് സൈഡിലുള്ള സ്ഥലം വിട്ടു നല്‍കുകയും ചെയ്തപ്പോള്‍ തടത്തിപ്പറമ്പ് നിവാസികളായ 25 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള വഴിയെന്ന സ്വപ്നം കണ്ണടച്ചു തുറന്നപ്പോള്‍ യാഥാര്‍ത്ഥ്യമായി
.കാണക്കാരി-വെമ്പള്ളി റോഡില്‍ നിന്നാണ് തടത്തിപ്പറമ്പിലേക്കുള്ള പുതിയ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ വഴിയെത്താത്ത സ്ഥലങ്ങളില്‍ നിര്‍മ്മിച്ച 121-ാമത്തെ വഴിയാണ് തടത്തിപ്പറമ്പ് നിവാസികള്‍ക്കായി ആരംഭം കുറിച്ചിരിക്കുന്നത്.
ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പഞ്ചായത്ത് മെമ്പറായപ്പോള്‍ സ്വന്തം വാര്‍ഡില്‍ വഴി സൗകര്യമില്ലാതിരുന്ന കുടുംബങ്ങളില്‍ വഴിയെത്തിച്ചു കൊടുത്തുകൊണ്ടാരംഭിച്ച ജനകീയ വഴി നിര്‍മ്മാണം കഴിഞ്ഞ 3 പതിറ്റാണ്ടുകൊണ്ട് ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലകുന്നം പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലുമായി 120 പ്രദേശങ്ങളിലായി 2700 കുടുംബങ്ങളിലാണ് ഇതിനോടകം വഴി സൗകര്യം ഏര്‍പ്പെടുത്തിയത്.
.ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ജനകീയ വഴിക്കാണ് തടത്തിപ്പറമ്പില്‍ തുടക്കം കുറിച്ചിരിക്കുന്നത്. കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലായി 25-ല്‍പ്പരം സ്ഥലങ്ങളില്‍ പുതിയ വഴി നിര്‍മ്മാണത്തിനുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിലും വഴി എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
പുതുതായി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് ഒ.ആര്‍. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി ജെയ്‌സണ്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോബി അനി, ബെറ്റ്‌സിമോള്‍ ജോഷി, ജോയി ജോര്‍ജ് കൈതയ്ക്കല്‍, മൈക്കിള്‍ പി.ജെ. പനമമടയില്‍, പാസ്റ്റര്‍ ജോണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments