പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പ്രധാന ജംഗ്ഷനുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി ഗതാഗതത്തിരക്ക് രൂക്ഷമായ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ പത്ത് ദിവസത്തിനകം സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കും. നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഏകദേശം 50 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
ട്രാഫിക് സിഗ്നലുകൾക്ക് പുറമേ, പാലാ മേഖലയിലൂടെ കടന്നുപോകുന്ന ശബരിമല തീർഥാടന പാതയിലെ അപകടമേഖലകളിൽ വാണിംഗ് ഫ്ലാഷർ അഥവാ ബ്ലിങ്കർ സംവിധാനവും സ്ഥാപിക്കും. അപകടസാധ്യതയുള്ള വളവുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും വാഹനയാത്രക്കാർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനാണ് ഈ സംവിധാനം ഒരുക്കുന്നത്.
.സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം പത്ത് ദിവസത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ, ആഡ് ന്യൂസ് ഇന്ത്യ പ്രൊപ്രൈറ്റർ ഡാനിയൽ തോമസ്, പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
നേരത്തേ ആർ.വി. ജംഗ്ഷനിലും മഹാറാണി ജംഗ്ഷനിലും സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തും. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതനിയന്ത്രണം ശാസ്ത്രീയമാക്കുകയും വാഹനത്തിരക്കിനനുസരിച്ച് ഗതാഗതം ക്രമീകരിക്കുകയും അനാവശ്യ കാത്തിരിപ്പ് കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ നിർമാണ കമ്പനിയായ ആഡ് ന്യൂസ് ഇന്ത്യയാണ് പാലാ നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, പൊൻകുന്നം മേഖലകളിൽ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ള കമ്പനിയാണ് ആഡ് ന്യൂസ് ഇന്ത്യ. ഇതേ മാതൃകയിലാണ് പാലായിലും പദ്ധതി നടപ്പാക്കുന്നത്.
സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി കമ്പനി പ്രതിനിധികൾ വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. സിഗ്നലുകൾ സ്ഥാപിക്കേണ്ട ജംഗ്ഷനുകൾ, വാഹനങ്ങളുടെ ഗതാഗതക്രമം, സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യങ്ങൾ എന്നിവ വിലയിരുത്തി.
.നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിതാ പ്രകാശ്, പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പുതിയ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ പാലാ നഗരത്തിലെ ഗതാഗതനിയന്ത്രണം കൂടുതൽ കാര്യക്ഷമമാകുമെന്നും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
.





0 Comments