Latest News
Loading...

പള്ളിക്കത്തോട്ടിലെ മോഷണം: 51 കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ




പള്ളിക്കത്തോട്: കേരളത്തിലും തമിഴ്നാട്ടിലുമായി 51 ഓളം മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെയും കൂട്ടാളിയായ യുവതിയെയും പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് പൂവത്തിളപ്പിലെ രണ്ട് വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശികളായ ശ്രീകാന്ത് കുമാർ (41), സരിത രവി (42) എന്നിവർ പിടിയിലായത്.

തിരുവനന്തപുരം കല്ലിയൂർ നെടിയങ്ങാൽ ഭാഗത്ത് സിസുനിലയം വീട്ടിൽ ശ്രീകാന്ത് കുമാറും പേട്ട വള്ളക്കടവ് ആറ്റുവരമ്പിൽ വീട്ടിൽ ലിജിത്തിന്റെ ഭാര്യ സരിത രവിയുമാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



.ഓഗസ്റ്റ് 15നും 30നും പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. പൂവത്തിളപ്പ് സ്വദേശികളായ ജിൻസ് എബ്രഹാമിന്റെയും ടോമി ഐസക്കിന്റെയും വീടുകളിലാണ് മോഷണം നടന്നത്. മോഷണം നടന്ന സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളിയായ ശ്രീകാന്തിനെ തിരിച്ചറിഞ്ഞത്.


.തിരുവനന്തപുരം ജില്ലയിലും തമിഴ്നാട്ടിലുമായി 51 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. ഒരു ജില്ലയിൽനിന്ന് മോഷ്ടിക്കുന്ന വാഹനം ഉപയോഗിച്ച് സമീപ ജില്ലകളിലെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പള്ളിക്കത്തോട്ടിൽ രണ്ട് തവണ എത്തിയപ്പോഴും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് ഉപയോഗിച്ചത്.

ആളില്ലാത്ത വീടുകൾ കണ്ടെത്തി അവിടെ താമസിച്ചശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ മറ്റൊരു രീതി. പ്രദേശത്ത് ചുറ്റിനടന്ന് വീടുകളിലെ കോളിങ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം അകത്തുകയറി മോഷണം നടത്തും. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിലും കിടങ്ങൂരിലും സമാനരീതിയിൽ മോഷണം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



.തിരുവനന്തപുരത്ത് മോഷ്ടിച്ച സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ശ്രീകാന്ത് മറ്റു ജില്ലകളിലേക്ക് മോഷണം വ്യാപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന്, ജയിലിൽ കൂട്ടുപ്രതിയായിരുന്ന ലിജിത്തിന്റെ ഭാര്യ സരിതയെ മോഷണസ്വർണം വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു. ഈ കേസിൽ സരിതയെയും പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ ജോബി ജോസഫ്, രഞ്ജിത്ത് സി., ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗം വിമൽ കുമാർ, പള്ളിക്കത്തോട് എസ്ഐ ജോബി ജേക്കബ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.




.പൂവത്തിളപ്പിലെ വീട്ടിൽനിന്ന് മോഷണം പോയ 26 പവൻ സ്വർണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ ഷെഫീക്കിനായി തിരച്ചിൽ ആരംഭിച്ചതായും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Post a Comment

0 Comments