മീനച്ചിൽ താലൂക്കിൽ ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും രണ്ടു പേർ മരിച്ചു. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരിയിൽ സ്കൂട്ടറിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൺലാലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉറവപ്ലാവിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലക്കാട് വീട്ടിൽ ജോസഫുമാണ് മരിച്ചത്.
ഇരുവരുടെയും പോസ്റ്റുമോർട്ടം നടപടികൾ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പൂർത്തിയാക്കി. സംഗീതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
.മഴക്കെടുതിയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ച സാഹചര്യത്തിൽ മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു, ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ മഹേഷ് മൈക്കിൾ എന്നിവർ ആശുപത്രിയിലെത്തി ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ എം. ജെ. സെബാസ്റ്റ്യൻ, മാണി സി. കാപ്പൻ, പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ തുടങ്ങിയ ജനപ്രതിനിധികളും ആശുപത്രിയിലെത്തി.
.മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി വി ഡി സതീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ തലത്തിൽ ഏർപ്പെടുത്തും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ മഴക്കെടുതിയും തുടർനടപടികളും ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രകൃതിക്ഷോഭത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിച്ചു നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
.മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി പാലാ ആർ.ടി.ഒ., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





0 Comments