Latest News
Loading...

പ്ലൈവുഡ് ഫാക്ടറി നിർമ്മാണത്തിനെതിരെ നാട്ടുകാർ; പ്രത്യേക ഗ്രാമസഭ ഞായറാഴ്ച




മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ നിർമ്മാണത്തിലിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിച്ച ആശങ്കകൾ ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി പ്രത്യേക ഗ്രാമസഭ ചേരും. സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോണിപ്പാട് ഗവ. പി. സ്കൂളിലാണ് യോഗം.

ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ ചേരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഫാക്ടറി നിർമ്മാണം നടക്കുന്നതെന്നും ഇത് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.



.ഫാക്ടറി നിർമ്മാണത്തിന്റെ ഭാഗമായി തോട് നികത്തുന്നതായും സമീപത്തുകൂടി ഒഴുകുന്ന തോടിനും ജലസ്രോതസ്സുകൾക്കും ആവശ്യമായ പരിഗണന നൽകാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഫാക്ടറി പ്രവർത്തനം ആരംഭിച്ചാൽ സമീപത്തെ കൃഷിയിടങ്ങളെയും ജലസ്രോതസ്സുകളെയും മീനച്ചിലാറിനെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതി നടപടികൾ അന്തിമമാകുന്നതിന് മുമ്പ് തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സമാനമായ ഫാക്ടറികൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങളും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


.ജനവാസ മേഖലയായതിനാൽ ഫാക്ടറി പ്രവർത്തനം ആരംഭിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു. കൃഷിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ ഫാക്ടറിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് പ്രദേശവാസികളുടെ ആവശ്യം.



.ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തുന്നതിനും നാട്ടുകാരുടെ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായാണ് പ്രത്യേക ഗ്രാമസഭ. 

 റോബിൻ ഇരുമാപ്ര

 





Post a Comment

0 Comments