പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലയാള സമാജത്തിന്റെ ഉദ്ഘാടനം പാൻ ഇന്ത്യൻ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുമായി അദ്ദേഹം സംഗീതാനുഭവങ്ങൾ പങ്കുവച്ചു.
.രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാസംഗീതത്തെ ആനയിക്കുകയും വ്യത്യസ്ത സംഗീതധാരകളിലൂടെ പുതിയ ആസ്വാദന തലങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ജെയ്ക്സ് ബിജോയിക്ക് മലയാള വിഭാഗവും കോളേജും നൽകുന്ന ആദരവ് കൂടിയായി പരിപാടി മാറി.
.‘രണം’, ‘അയ്യപ്പനും കോശിയും’, ‘നരിവേട്ട’, ‘കടുവ’, ‘പള്ളിച്ചട്ടമ്പി’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘തുടക്കം’, ‘തുടരും’, ‘ലോകാ’, ‘ഖലീഫ’, ‘ഐ ആം ഗയിം’ തുടങ്ങിയ സിനിമകളുടെ സംഗീതസംവിധായകനാണ് ജെയ്ക്സ് ബിജോയ്. പാശ്ചാത്യ സിംഫണി, റാപ്പ്, നാടൻപാട്ട്, മതാരാധനാ ഗീതങ്ങൾ തുടങ്ങിയ വ്യത്യസ്ത സംഗീതധാരകളെ സമന്വയിപ്പിച്ച് മലയാളികൾക്ക് വ്യത്യസ്തമായ സംഗീതാനുഭവം സമ്മാനിച്ച സംഗീതസംവിധായകനാണ് അദ്ദേഹം.
.രാജഗിരി കോളേജിൽനിന്ന് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദം നേടിയ ജെയ്ക്സ് ബിജോയ് അമേരിക്കയിൽനിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഡിസ്നിയുടെ കാർട്ടൂണുകൾക്കും വീഡിയോ ഗെയിമുകൾക്കും സംഗീതം പകർന്ന ശേഷമാണ് മലയാള സിനിമാസംഗീത രംഗത്തേക്ക് പ്രവേശിച്ചത്.
.ചടങ്ങിൽ ജെയ്ക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ച ഏതാനും ഗാനങ്ങൾ ആലപിക്കുകയും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളും പശ്ചാത്തലസംഗീതവും കോർത്തിണക്കി കോളേജ് ഓർക്കസ്ട്ര അവതരിപ്പിച്ച ഫ്യൂഷൻ, ഗാനങ്ങളുടെ നൃത്താവിഷ്കാരം, വിവിധ സിനിമകളിലെ ഗാനാലാപനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥി ആൽബിൻ ഒ.ബി. അവതരിപ്പിച്ച വാട്ടർ ഡ്രം ഫ്യൂഷനും ശ്രദ്ധേയമായി.






0 Comments