പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധിദിനം പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പൂഞ്ഞാർ എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 108 ശാഖാ യോഗത്തിന്റെ നേതൃത്വത്തിലായിരുന്നു മഹാസമാധിദിനാചരണം.
.ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ മഹാസമാധിദിനാചരണം എന്ന പ്രത്യേകതയും ഉണ്ടായിരുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ശ്രീനാരായണ ഗുരുദേവന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച മങ്കുഴി ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിച്ചത് ചരിത്രവും ആത്മീയതയും സംഗമിക്കുന്ന അവസരമായി.
.ജാതീയ വേർതിരിവുകൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾക്ക് കൂടുതൽ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ഗുരുദേവ സന്നിധാനത്തിന്റെ ശതാബ്ദിയും 99-ാമത് മഹാസമാധിദിനാചരണവും മങ്കുഴിയിൽ നടന്നത്.
രാവിലെ ഏഴിന് ശ്രീനാരായണ ഗുരുദേവ ഭാഗവത പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് രാവിലെ 10.30ന് വനിതാസംഘം പൂഞ്ഞാറിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടന്നു. എഴുത്തുകാരനും വാഗ്മിയും അധ്യാപകനുമായ കെ.ജി. ഹരികൃഷ്ണൻ പ്രഭാഷണം നടത്തി.
.തുടർന്ന് അന്നപ്രസാദ വിതരണവും സമൂഹപ്രാർഥനയും നടന്നു. വൈകുന്നേരം 3.30ന് മഹാസമാധി പൂജയും നടത്തി. മഹാസമാധിദിനത്തോടനുബന്ധിച്ച് ഉപവാസം അനുഷ്ഠിച്ചവർക്ക് പ്രസാദ വിതരണവും ഉണ്ടായിരുന്നു.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറും ശാഖാ പ്രസിഡന്റുമായ എം.ആർ. ഉല്ലാസ് മതിയത്തും ശാഖാ സെക്രട്ടറി എം.ആർ. ദിലീപും സംസാരിച്ചു.
ഗുരുദേവന്റെ സാന്നിധ്യത്തിന്റെ ഓർമകൾ ഇന്നും നിലനിൽക്കുന്ന മങ്കുഴി ക്ഷേത്രത്തിൽ നടന്ന മഹാസമാധിദിനാചരണം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. ഗുരുദേവ സന്നിധാനത്തിന്റെ ശതാബ്ദി നിറവിൽ മങ്കുഴി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ ഗുരുദേവ സന്ദേശങ്ങൾ പുതുതലമുറയിലേക്ക് പകരുന്നതിനുള്ള വേദിയായി മാറി. .





0 Comments