കൊല്ലത്ത് വീട്ടില്‍ കയറി സ്വര്‍ണം മോഷ്ടിച്ച് കടന്ന യുവാവിനെ കിടങ്ങൂര്‍ പോലീസ് പിടികൂടി. കിടങ്ങൂര്‍ കട്ടച്ചിറ സ്വദേശി കാര്‍ത്തിക് ആണ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് 29ന് കൊല്ലം കിഴക്കേ കല്ലടയിലാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് കല്ലട പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സംശയിക്കപ്പെടുന്നയാളുടെ സിസിടിവി ദൃശ്യം പോലീസ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു.
.ഇത് ശ്രദ്ധയില്‍പെട്ട കിടങ്ങൂര്‍ സ്റ്റേഷനിലെ പോലീസുകാരാണ് എന്‍ഡിപിഎസ് കേസില്‍ മുന്‍പ് പിടിയിലായിട്ടുള്ള കാര്‍ത്തിക്കിനെ തിരിച്ചറിഞ്ഞത്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കൊല്ലം പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മോഷണം നടത്തി ലഭിച്ച 5 പവന്‍ സ്വര്‍ണം കിടങ്ങൂര്‍ കുമ്മണ്ണൂരിലുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ വില്‍പന നടത്തുകയായിരുന്നു. പ്രതിയെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
.സ്വര്‍ണം ഉരുക്കി മറ്റൊരാള്‍ക്ക് വില്‍പന നടത്തിയതായാണ് പോലീസ് നല്കുന്ന വിവരം. കടയില്‍ നിന്നും രജിസ്റ്ററുകള്‍, സിസിടിവി ഡിവിആര്‍ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാര്‍ത്തിക് ഒന്നിലധികം മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലത്തെ മോഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍കൂടി ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
.കിടങ്ങൂര്‍ സ്‌റ്റേഷന്‍ എസ്‌ഐ കിഷോര്‍ സണ്ണി ഡി, എസ്‌ഐ സജികുമാര്‍, എഎസ്‌ഐ റോബി തോമസ്, സതീഷ് കുമാര്‍, ബിനുമോള്‍ പി.ജെ, എസ് സിപിഒ ബിനീഷ്, രാജേഷ്, സിപിഒമാരായ വിശാല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ അന്വേഷണങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമായി പ്രതിയെ കൊല്ലം ഈസ്റ്റ് കല്ലട പോലീസിന് കൈമാറി.
.






0 Comments