കോട്ടയം: സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ പൊതു വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കണം. ഒന്‍പതു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്നതിനും വികസനം കൈവരിക്കുന്നതിനും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളുകളുടെയും കോളജുകളുടെയും മുന്നിലെ റോഡുകളില്‍ വ്യക്തമായി കാണുന്ന രീതിയില്‍ സീബ്രാ ലൈനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂള്‍ മേഖലയാണെന്ന് സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകള്‍ നശിച്ചുപോയിട്ടുണ്ടെങ്കില്‍ അടിയന്തരമായി സ്ഥാപിക്കാന്‍ നടപടി വേണം. അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചു നീക്കുന്നതിന് വകുപ്പുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാനതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തില്‍ മഴക്കാല പൂര്‍വ്വ അവലോകന യോഗം ചേര്‍ന്നത്. ജില്ലയില്‍ മുപ്പതു വകുപ്പുകളുടെ തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി. തികഞ്ഞ ഉത്തരവാദിത്വത്തോടെ തൃപ്തികരമായി സജ്ജമാകാന്‍ വകുപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്-അദ്ദേഹം അഭിപ്രായപ്പെട്ടു.
അവലോകന യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലയില്‍തന്നെ തീരുമാനമെടുത്ത് പരിഹരിക്കാവുന്ന വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം.
അനധികൃത പാറമടകളില്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ റവന്യൂ. പോലീസ് വകുപ്പുകളും പഞ്ചായത്തുകളും ചേര്‍ന്ന് പരിശോധന നടത്തണം. എല്ലാ മേഖലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഭാരവാഹനങ്ങള്‍ക്ക് സ്‌കൂള്‍ സമയങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം കര്‍ശനമായി പാലിക്കപ്പെടണം.
നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കുന്നതു സംബന്ധിച്ച് നിരന്തരം ഉയരുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള കുടിശിക തീര്‍ക്കുന്നതിനൊപ്പം ഭാവിയില്‍ കുടിശികയാകാതിരിക്കുന്നതിനും നടപടിയുണ്ടാകും. പ്രകൃതിക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും വര്‍ഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകള്‍ മേധാവികള്‍ യോഗത്തില്‍ അറിയിച്ചു. കെ. ബിനിമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫ്, എം.എല്‍.എമാരുടെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments