102 സീറ്റിന്റെ തിളക്കമാര്‍ന്ന വിജയം മുഖ്യമന്ത്രി കസേരയിലെത്തിയപ്പോള് തിളക്കം മങ്ങുന്ന മട്ടാണ്. കസേരയ്ക്കായി 3 പേര് നിരന്നതോടെ പോര്‍വിളികള്‍ ശക്തമാവുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുകയാണ്. കെ സുധാകരന്, വിഎം സുധീരന്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യന്, മാത്യു കുഴല്‍ നാടന്‍ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവില്‍ ഓരോ എംഎല്‍എമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.
47 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതായി കെസി വേണുഗോപാല്‍ വിഭാഗം പറയുന്നു. 16 എംഎല്‍എമാര്‍ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎല്‍എമാര്‍ ഒപ്പമെന്നാണ് വി ഡി സതീശന് ക്യാമ്പ് പറയുന്നു. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്നും മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകള്‍ തെരുവില്‍ നിറഞ്ഞു കഴിഞ്ഞു.
യുഡിഎഫിനെ തിരികെ അധികാരത്തിലെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വി.ഡി സതീശന്‍തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ഉയരുന്ന പൊതുവികാരം. ഭരണം പിടിച്ചുകഴിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കസേരയിലിരിക്കാന്‍ ആളുവരുന്നത് അത്ര ഗുണപ്പെടില്ല എന്ന മുന്നറിയിപ്പും ഒരുവിഭാഗം നല്‍കുന്നുണ്ട്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്ന പക്ഷം 6 മാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തിലും എംപി സ്ഥാനത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അവിടെ ജയിക്കുമോ എന്നതും ചോദ്യചിഹ്നമാണ്. 63 പേര് വിജയിച്ച കോണ്‍ഗ്രസിന് മുഖ്യമന്ത്രിയാന്‍ ആളില്ലാത്ത ഇത്ര ദാരിദ്രമോ എന്ന ചോദ്യവും ശക്തമാണ്.
നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഉണ്ട്. എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ പലര്‍ക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. എംഎല്‍എമാരുമായി തുടര്‍ച്ചയായി ആശയവിനിമയം ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തില്‍ തെരുവിലേക്ക് എത്തുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




1 Comments