വിവിധ ആവശ്യങ്ങൾക്കായി തീക്കോയി വില്ലേജ് ഓഫീസിനെ നേരിട്ടും അക്ഷയ വഴിയും ബന്ധപ്പെടുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കാൻ വൈകുന്നതായി പരാതി. പഠനാവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമായി വിവിധ രേഖകൾക്കായി എത്തുന്നവരെ ആഴ്ചകളോളം വട്ടം കറക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. വരുമാന സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ് എന്നിവയ്ക്കടക്കം ഒരു മാസത്തിലധികമായി കാത്തിരിക്കുന്നവരുണ്ട്.
വില്ലേജ് ഓഫീസറുടെ നിരുത്തരവാദപരമായ സമീപനമാണ് ഇതിന് കാരണം എന്നാണ് ഉയരുന്ന ആക്ഷേപം. വില്ലേജ് ഓഫീസുകളിൽ നിന്നും നേരത്തെ ലഭിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ എല്ലാം ഇപ്പോൾ അക്ഷയ സെൻ്റർ വഴിയാണ് ലഭിക്കുന്നത്. അക്ഷയ സെൻ്ററിൽ നിന്നും വില്ലേജ് ഓഫീസിൽ എത്തുന്ന രേഖകളിൽ വില്ലേജ് ഓഫീസർ അനുമതി നൽകിയാൽ മാത്രമേ അക്ഷയ സെൻ്ററിൽ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാനാവു. എന്നാൽ അനുമതിക്കായി എത്തുന്ന അപേക്ഷകൾ ദിവസങ്ങളോളം വില്ലേജ് ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.
വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയ്ക്കായാണ് കൂടുതൽ ആളുകളും എത്തുന്നത്. സ്കൂൾ കോളേജ് തുറക്കുന്നതോടെ അപേക്ഷകളുടെ എണ്ണം വർദ്ധിക്കും. വിദ്യാഭ്യാസ ആവിശ്യത്തിനായി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി കിട്ടാതെ വന്നതോടെ തുടർപഠനം പ്രതിസന്ധിയിലായി നിൽക്കുന്നവരും ഉണ്ട്. നിരവധി തവണ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നവരെയും ഇവിടെ കാണാം. വില്ലേജ് ഓഫീസറുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകാത്ത ഉദ്യോഗസ്‌ഥനെതിരെ പരാതി നൽകുമെന്ന് മുൻ പഞ്ചായത്ത് അംഗം രതീഷ് പി എസ് പറഞ്ഞു. പല ദിവസങ്ങളിലും വൈകിയാണ് വില്ലേജ് ഓഫീസർ എത്തുന്നതെന്നും ഉച്ചകഴിയുമ്പോൾ തന്നെ ഓഫീസിൽ നിന്നും പോകുന്നതായും രതീഷ് ആരോപിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments