പാലാ നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ആയ മീനച്ചില്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് മുന്‍പാകെയാണ് ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കിയത്. ലാലിച്ചന്‍ ജോര്‍ജ്., പ്രൊ. ലോപ്പസ് മാത്യു,  ബാബു കെ ജോര്‍ജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു



പത്രിക സമർപ്പണത്തിന് മുൻപ് ജോസ് കെ മാണി അമ്മയുടെ അനുഗ്രഹം വാങ്ങിയപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് കരിങ്ങോഴക്കൽ വീട്ടിൽ നടന്നത്.അഞ്ചു പതിറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീത്തിൻ്റെ ചലനങ്ങൾ നിയന്ത്രിച്ച കെഎം മാണിയുടെ സഹധർമ്മിണി കുട്ടിയമ്മ അച്ചാച്ചന്റെ അനുഗ്രഹമുണ്ട് എന്നു പറഞ്ഞു ജോസ് കെ മാണിയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. വീട്ടിൽ നിന്നും ഇറങ്ങി പ്രിയപ്പെട്ട അച്ചാച്ചന്റെ കല്ലറക്കു മുന്നിൽ പ്രാർത്ഥനാ നിരതനായി ഏറെ നേരം നിന്നെ ശേഷമാണ് ജോസ് കെ മാണി നിർദേശ പത്രിക സമർപ്പണത്തിന് പുറപ്പെട്ടത്. പാലാ കുരിശുപള്ളിക്ക് മുന്നിലെത്തിയും പ്രാർത്ഥിച്ചു. 


അവിടെനിന്നും പ്രവർത്തകർക്കൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി. അതിനുശേഷമാണ് പ്രധാനപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തി അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർക്കാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു,സിപിഐ നേതാവ് ബാബു കെ ജോർജ് എന്നിവരും പത്രിക സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു. 

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി സുസജ്ജമായിരുന്നതായി ജോസ് കെ മാണി പത്രികാസമര്‍പ്പണത്തിന് ശേഷം പറഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലമായ വിധി കേരളത്തിലും പാലായിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേസസ്ഥാപനങ്ങളിലടക്കം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഡീല്‍ വ്യക്തമാണ്. ക്രൈസ്തവരുടെ പ്രാധാന്യമേറിയ പെസഹാ വ്യാഴം അടക്കമുള്ള ദിവസങ്ങളില്‍ പരീക്ഷ പ്രഖ്യാപിച്ചത് ഗൗരവമായ വിഷയമാണ്. ന്യൂനപക്ഷത്തെ വെല്ലുവിളിക്കുന്ന നടപടിയാണിത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്ക് കത്തയച്ചതായും ജോസ് കെ മാണി പറഞ്ഞു. 


തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള കടകൾ കയറി ഇറങ്ങിയും ഓട്ടോ സ്റ്റാൻഡിൽ എത്തിയും ജോസ് കെ മാണി വോട്ട് അഭ്യർത്ഥിച്ചു.പിന്നീട് തലനാട് മൂന്നിലവ് ഭരണങ്ങാനം കടനാട് എന്നീ പഞ്ചായത്തുകളിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംബന്ധിച്ചു.അതിനുശേഷം പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കുന്നതിനായി വിവിധ മേഖലകളിൽ ഭവന സന്ദർശനം നടത്തി. നാളെ വൈകുന്നേരം 4 മണിക്ക് എലിക്കുളം, 4.30 ന് മീനച്ചിൽ,5 ന് കൊഴുവനാൽ, 6 ന് കരൂർ എന്നീ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ