Latest News
Loading...

സുഡിയോയുടെ പേരില്‍ ഫിഷിംഗ്. വലയില്‍ വീണ് പ്രബുദ്ധ മലയാളി



പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക് ചെയ്യാന്‍ മടിക്കാതെ മലയാളി. വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്നാണ് പ്രചാരണം. സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡ് ലോഗോയും വിശ്വസനീയമാക്കാന്‍ നിരവധി പേരുടെ സമ്മാനം ലഭിച്ചെന്ന കമന്റുകളും ഉള്‍പ്പെടുത്തിയാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്. പക്ഷേ സമ്മാനം ലഭിക്കാന്‍ മറ്റ് വാട്‌സ് ആപ് ഗ്രൂപ്പുകളിലേയ്ക്ക് സമാന മെസേജ് ഷെയര്‍ ചെയ്യണമെന്ന നിര്‍ദേശവും അതേപടി അനുസരിച്ചാണ് വലിയ സമ്മാനത്തിനായുള്ള ആളുകളുടെ കാത്തിരുപ്പ്. 



സുഡിയോ എന്ന എഴുത്തും ഫോണ്ടും എല്ലാം കൃത്യമാണെങ്കിലും അഡ്രസില്‍ ക്രമരഹിതമായ ചില അക്ഷരങ്ങള്‍ മാത്രമാണുള്ളത്. പരസ്യംപോലും നല്കാതെ പ്രവര്‍ത്തിക്കുന്ന സുഡിയോ സൗജന്യമായോ വന്‍ഡിസ്‌കൗണ്ടിലോ എന്തെങ്കിലും തരുമെന്ന വിലയിരുത്തലാണ് ഈ ഫിഷിംഗ് വലയില്‍ വീഴാന്‍ ഇടയാക്കുന്നത്. സമൂഹത്തിലെ പ്രമുഖരടക്കം ഇതില്‍ വീണവരാണ്. ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം വെട്ടിപ്പുകളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകാന്‍ താമസമുണ്ടാകില്ല. 

കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പൊലീസ് പറയുന്നു. യഥാര്‍ഥ വെബ്‌സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയായ 'ഫിഷിങ്' ആണിതെന്നും പൊലീസ് വ്യക്തമാക്കി. 



ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങള്‍ നല്‍കുന്നതും അപകടമാണ്. വ്യാജ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ വൈറസോ മാല്‍വേറുകളോ ലിങ്ക് തുറക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണത്തില്‍ കയറാം. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ തട്ടിപ്പുകാര്‍ ഒടിപി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍ ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോള്‍ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.


ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയോ അതിന് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് വിധേയനായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments