പാലാ . ജീവിതയാത്രയിൽ കിഡ്നി മാറ്റിവയ്ക്കലിനു വിധേയനാക്കപ്പെട്ട അധ്യാപകൻ ചികിത്സിച്ച ഡോക്ടർക്ക് നന്ദി അർപ്പിച്ച് സമർപ്പിച്ചത് മനോഹരമായ ഒരു കവിത ! മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവിയും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രനെക്കുറിച്ചാണ് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ പ്രിൻസിപ്പൽ പ്രഫ.ടി.സി.തങ്കച്ചൻ കവിത എഴുതി സമർപ്പിച്ചത്. മനോഹരി എന്ന് പേരിട്ടിരിക്കുന്ന കവിത ഡോക്ടർമാർക്കിടയിൽ വൈറലാകുകയും ചെയ്തു.
4 വർഷം മുമ്പാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചത്. ചുരുങ്ങിയ വർഷങ്ങൾക്കിടെ നൂറ് ശതമാനം വിജയത്തിൽ 115ൽപരം കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താൻ സാധിച്ചത് നെഫ്രോളജി, യൂറോളജി, കാർഡിയോവാസ്കുലാർ, അനസ്തേഷ്യോളജി വിഭാഗങ്ങളുടെ സംയുക്ത മേൽനോട്ടത്തിലാണ്. കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ് എന്നിവർകൂടി ഉൾപ്പെട്ടതാണ് നെഫ്രോളജി വിഭാഗം . യൂറോളജി വിഭാഗത്തിൽ മേധാവിയും റീനൽ ട്രാൻസ്പ്ലാന്റ് സർജനുമായി ഡോ.വിജയ് രാധാകൃഷ്ണനും, കൺസൾട്ടന്റായി ഡോ.ആൽവിൻ ജോസ് പി.യും പ്രവർത്തിക്കുന്നു. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ. സിയും, അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ.ലിബി.ജെ.പാപ്പച്ചനും, ട്രാൻസ്പ്ലാന്റ് അനസ്തെറ്റിസ്റ്റ് ഡോ.ജെയിംസ് സിറിയകും കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ടീമിൽ ഉൾപ്പെടുന്നു.
.
വിരിയും പ്രഭാതത്തിൻ ശോഭ പോലെ
നയനങ്ങളിൽ എപ്പോഴും തിളക്കമാണ്
ഹൃദയത്തിൽ സ്നേഹവും
ചിരിയിലെ നിറവും
നിറസാന്നിധ്യമായി നിന്ന് വെളിച്ചമേകും
വൈദ്യശാസ്ത്രത്തിന് ഒരു അമൂല്യനിധി...... എന്നാണ് കവിത തുടങ്ങുന്നത്.
കിഡ്നിരോഗത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് പ്രഫ ടി.സി.തങ്കച്ചൻ മാർ സ്ലീവാ മെഡിസിറ്റിയിൽ കിഡ്നി മാറ്റിവയ്ക്കലിനു വിധേയനായത്. മികവുറ്റ ചികത്സയിൽ സുഖംപ്രാപിച്ച് വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തുകയും ചെയ്തു. വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് ചികിത്സിച്ച ഡോക്ടർക്കു വേണ്ടി 30 വരികളോളം വരുന്ന കവിത എഴുതിയത്. കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മികവിന്റെ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ 115ൽ പരം ശസ്ത്രക്രിയകളാണ് ഡോ.മഞ്ജുള രാമചന്ദ്രന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയത്.
.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കിഡ്നിമാറ്റിവയ്ക്കൽ വേണ്ട രോഗികൾ ഏറ്റവും ചിലവ് കുറഞ്ഞ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചികിത്സാകേന്ദ്രം എന്ന നിലയിൽ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി. ഡോ.മഞ്ജുള രാമചന്ദ്രന്റെ നേതൃത്വത്തിൽ പ്രാർഥനപൂർവ്വമുള്ള ചികിത്സയും പരിചരണവും പല തവണ രോഗികളുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്..
ആശങ്കയുടെ കരിനിഴൽ വീഴ്ത്തി എത്തുന്ന രോഗികൾക്ക് ആശ്വാസത്തിന്റെ മറുകര സൃഷ്ടിച്ചു നൽകുന്ന ഡോക്ടർക്ക് ആദരവായാണ് കവിത എഴുതി സമർപ്പിച്ചതെന്നു പ്രഫ.ടി.സി.തങ്കച്ചൻ പറഞ്ഞു. ഒട്ടേറെ രോഗികളുടെ സന്തോഷവും പ്രാർഥനകളും നേരിൽ കാണാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
നുറുങ്ങിയ ഹൃദയങ്ങൾ
പതുങ്ങിയ ശബ്ദമായി
മുന്നിലിരുന്നു വിതുമ്പുമ്പോൾ
കരങ്ങൾ പിടിച്ച് ഒരു ലാളനയും
തിരിച്ചു നൽകപ്പെടും ജീവനിലും
ഒരു ചെറുപുഞ്ചിരിയിലും
വലിയ കനലെരിഞ്ഞും........ എന്നാണ് കവിത അവസാനിക്കുന്നത്.
ഇതു കൂടാതെ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയാലിസിസ് , ട്രാൻസ്പ്ലാന്റ് ഐ.സി.യു എന്നിവടങ്ങളിലെ പ്രിയപ്പെട്ടവർക്കായി കരുതൽ എന്ന കവിതയും മാർ സ്ലീവാ മെഡിസിറ്റിയെക്കുറിച്ച് ആതുരാലയം എന്ന കവിതയും വിവിധ വിഷയങ്ങളിൽ പോസ്റ്റ്ഗ്രാജുവേഷൻ കൂടിയുള്ള പ്രഫ.ടി.സി.തങ്കച്ചൻ ശസ്ത്രക്രിയക്കു ശേഷമുള്ള വിശ്രമസമയത്തിനിടെ എഴുതി സമർപ്പിച്ചിട്ടുണ്ട്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments