ഉത്സവ സീസണ്‍ ആയതോടെ ഭിക്ഷാടന മാഫിയ പാലാ നഗരത്തിലും പിടി മുറുക്കിയിരിക്കുന്നതായി ആക്ഷേപം. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാലാ നഗരസഭാ കൗണ്‍സിലര്‍ ബിജു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. പാലാ ടൗണിലെ വ്യാപാരികള്‍ ഒന്നടങ്കവും പൊതുജനവും പരാതി ഉയര്‍ത്തിയിരിക്കുന്ന വിവരം അര്‍ഹിക്കുന്ന ഗൗരവത്തോടെ മുനിസിപ്പല്‍ കൗണ്‍സില്‍ പരിഗണിക്കണമെന്ന് സെക്രട്ടറിയ്ക്ക് നല്കിയ കത്തില്‍ ബിജു ചൂണ്ടിക്കാട്ടി.
ധാരാളം അന്യ സംസ്ഥാനക്കാര്‍ അടക്കമുള്ള ഭിക്ഷയെടുക്കുന്നവര്‍ കൂട്ടമായി പാലായിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ദിവസം 15 - 20 ഭിഷക്കാരാണ് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറിയിറങ്ങുന്നത്. കടകളിലുള്ള കസ്റ്റമേഴ്‌സിനെ വകവയ്ക്കാതെ ബലമായിട്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷ ലഭിക്കാതെ ഇവര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറങ്ങി പോകുകയുമില്ലായെന്നാണ് കടയുടമകള്‍ പറയുന്നത്.
പാലായ്ക്ക് സമീപം വീടുകള്‍ വാടകയ്‌ക്കെടുത്ത് ഭിക്ഷാടകരെ എത്തിച്ചാണ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. കടകളില്‍ കയറിച്ചെല്ലുന്ന ഇവര്‍ പണം ലഭിക്കാതെ മടങ്ങാതെ നില്‍ക്കുന്നതോടെ 10 രൂപയെങ്കിലും നല്കി പറഞ്ഞയയ്ക്കാറാണ് പതിവ്. കടയിലെത്തുന്നവര്‍ക്ക് മുന്നില്‍ ഇവരോട് മുഖം കറുപ്പിച്ച് പറയാന്‍ കടക്കാര്‍ തയാറാകാത്തതും ഭിക്ഷാടകര്‍ മുതലാക്കുന്നു.
ഇവര്‍ക്കിടയില്‍ ധാരാളം മോഷ്ടാക്കളും ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നഗരസഭയും , റവന്യൂ അധികാരികളും, പോലീസും ചേര്‍ന്ന് ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും സംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ബിജു കത്തില്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നവരെയടക്കം നഗരസഭ പിടികൂടി മരിയസദനത്തിലേയ്ക്ക് മാറ്റിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments