കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ തള്ളിയ ജോസ് കെ മാണി ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടെന്നാണ് വ്യക്തമാക്കിയത്. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി, അഞ്ച് എംഎല്‍എമാരും ഒരുമിച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പത്രസമ്മേളനം വിളിച്ച സാഹചര്യത്തില്‍ മന്ത്രി വി.എന്‍.വാസവന്‍ ജോസ് കെ. മാണിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. വെള്ളിയാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു മുന്നേ ആണ് നിര്‍ണായക തീരുമാനം ജോസ് കെ മാണി അറിയിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മുന്നണി മാറും എന്ന് അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ മുന്നണി മാറിയാല്‍ പാര്‍ട്ടിയുടെ അഞ്ച് എം എല്‍ എ മാരില്‍ എത്ര പേര്‍ ഇതിനൊപ്പം ഉണ്ടാകും എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇത്തവണ അധികാരത്തിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായി മുസ്ലീം ലീഗും ചില ക്രൈസ്തവ സഭാ നേതാക്കളും കഴിഞ്ഞ കുറേനാളുകളായി ശ്രമം നടത്തിവരികയാണ്. എന്നാല്‍ ഈ മടങ്ങിവരവില്‍ കേരളാ ജോസഫ് വിഭാഗവും കോട്ടയത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments