Latest News
Loading...

സാമ്പത്തികസ്ഥിതി ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബിജു പുളിക്കക്കണ്ടം.




പാലാ നഗരസഭയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന നിലയില്‍, ഇത് സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍ ബിജു പുളിക്കക്കണ്ടം സെക്രട്ടറിയ്ക്കും ചെയര്‍പേഴ്‌സണും കത്ത് നല്കി. വാര്‍ഡ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇക്കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളില്‍ പാലാ നഗരസഭ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസിലാക്കാനായതായി ബിജു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.   നഗര സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ. കേരള വാട്ടര്‍ അതോറിട്ടിയ്ക്ക് ജല ഉപഭോഗ തുകയിനത്തില്‍ തന്നെ 4 കോടിയിലധികം കുടിശ്ശികയുണ്ടെന്നറിയുന്നു. ഇക്കാരണത്താല്‍ പബ്ലിക് ടോയിലറ്റുകള്‍ മിക്കതും ഉപയോഗിക്കാനാവാതെ പൂട്ടിയിട്ട നിലയിലാണ്.

തെരുവുവിളക്കുകളുടെ പരിപാലനത്തിനു കരാറെടുത്തിരിക്കുന്നയാള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കാനുണ്ടെന്നറിയുന്നു. അക്കാരണത്താല്‍ ബള്‍ബുകള്‍ മാറ്റിയിടാന്‍ പോലും കരാറുകാരന്‍ തയ്യാറാവുന്നില്ല. തെരുവുവിളക്കുകള്‍ പലതും തെളിയാത്ത നിലയിലാണ്. മുനിസിപ്പാലിറ്റിയിലെ ചെയര്‍പേഴ്‌സന്റെ അടക്കമുള്ള ഓഫീസുകളിലേക്ക് മുമ്പ് വാങ്ങിയ കസേരകളും മേശകളുമടക്കുള്ളവയുടെ വിലയായി വന്‍ തുക കൊടുക്കാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റ് കോംപ്ലക്‌സ് കെട്ടിടം വാടകയ്ക്ക് എടു അയാള്‍ കെട്ടിടം ഒഴിഞ്ഞു തന്നപ്പോള്‍ സെക്യൂരിറ്റി തുകയിനത്തില്‍ ടി ആള്‍ക്ക് മടക്കി നല്‍കേണ്ടതുക തിരിച്ചു നല്‍കാനാവാതെ വന്നപ്പോള്‍ കോടതി ഉത്തരവനുസരിച്ച് സെക്യൂരിറ്റി തുകയും പലിശയും ചേര്‍ത്ത് ഭീമമായ തുക മടക്കി നല്‍കേണ്ടതായുണ്ട്. കേസിന്റെ ഭാഗമായി ചെയര്‍പേഴ്‌സന്റെയടക്കമുള്ള പാലാ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങള്‍ ജപ്തിനടപടികളുടെ ഭീഷണിയിലാണ്.




പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ വലിയ തുക വായ്പയെടുത്തതിനാല്‍ മുനിസിപ്പാലിറ്റിയുടെ പുതിയ കെട്ടിടങ്ങളുടെ വാടക ടി ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് കൈപ്പറ്റുന്ന അവസ്ഥയാണിപ്പോഴുള്ളത്.

ഫണ്ടിന്റെ കുറവുമൂലം മുനിസിപ്പല്‍റോഡുകള്‍ നവീകരിക്കാനോ അറ്റകുറ്റപ്പണികള്‍ ചെയ്യാനോ പുതുതായി റോഡുകള്‍ തുറക്കുവാനോ കഴിയുന്നില്ല. വേനല്‍ കടുത്തു വരുമ്പോള്‍ കുടിവെള്ള വിതരണത്തിനുള്ള വാഹനങ്ങളടക്കമുള്ള ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കാന്‍ പോലുമാവാത്തവിധം നശിച്ചു കിടക്കുകയാണ്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക ഭദ്രതയുമില്ല. ആകെ രണ്ടു പുല്ലുവെട്ടു യന്ത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനയോഗ്യമായി നഗരസഭയ്ക്കുള്ളത്. ഇവ കൊണ്ടു മാത്രം 26 വാര്‍ഡുകളിലെ പ്രവര്‍ത്തികള്‍ ചെയ്യാനാവില്ല.


നഗരത്തിലെ ഭൂരിപക്ഷം CCTV ക്യാമറകളും പ്രവര്‍ത്തനരഹിതമാണ്. സാമ്പത്തിക പ്രശ്‌നം മൂലം അവ നന്നാക്കാനോ പുതിയവ വാങ്ങി സ്ഥാപിക്കാനോ ആവുന്നില്ല. മേല്‍വിവരിച്ചതിനു പുറമെ അനവധി നിരവധി പ്രശ്‌നങ്ങള്‍ പാലാ നഗരസഭ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ പാലാ നഗരസഭ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇതുവരെ നഗരസഭയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിവില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പൊതുജനം അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചൂണിക്കാണിച്ച് നിരവധി നിവേദനങ്ങളും പരാതികളും ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും മുന്നില്‍ ശക്തമായി ഉന്നയിക്കുന്നു. എന്നാല്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും ഉടന്‍ പരിഹരിക്കാന്‍ തക്ക സാമ്പിത്തിക ഭദ്രത ഇപ്പോള്‍ പാലാ നഗരസഭക്കില്ല. ഇക്കാരണത്താല്‍ പാലാ നഗരസഭയിലെയും പാലായിലെത്തുന്നവരുമായ പൊതുജനങ്ങളുടെയും പാലാ നഗരസഭാ പ്രവര്‍ത്തനങ്ങള്‍ സാകൂതം വീക്ഷിക്കുന്നവരുടെയും എതിര്‍പ്പ് നേരിടേണ്ടി വരുന്ന അവസ്ഥയാണ് പാലാ നഗരസഭയ്ക്ക് ഉണ്ടാവാന്‍ പോകുന്നതെന്ന് ഉറപ്പായും ചിന്തിക്കേണ്ടിയിരിക്കുന്നു.

 പാലാ നഗരസഭയില്‍ നിന്നും പല വിധത്തിലുള്ള നികുതിയിനത്തില്‍ നിന്നും ഇതുവരെ പിരിച്ചെടുത്ത് കേരള സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയ തുകയില്‍ നിന്നും ഏതാണ്ട് 10 കോടിയിലധികം രൂപ പാലാ നഗരസഭയ്ക്ക് കേരള സര്‍ക്കാരില്‍ നിന്നും ലഭിക്കാനുമുണ്ട്. ഈ തുകയുടെ നാലിലൊന്നെങ്കിലും പാലാ നഗരസഭയ്ക്ക് കിട്ടുകയാണെങ്കില്‍ താത്കാലികമായെങ്കിലും നഗരസഭയ്‌ക്കൊരു ആശ്വാസമായേനേയെന്ന കാര്യവും സൂചിപ്പിക്കുകയാണ്.  ഇക്കാരങ്ങളാല്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തോടെ മാത്രമേ പാലാ നഗരസഭയ്ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാവുകയുള്ളൂ.  മേല്‍വിവരിച്ച വിഷയങ്ങള്‍ , ഹൈക്കോടതിയിലെ അടക്കുള്ള നിയമ വിദഗ്ധരുമായും കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ ഭരണപരിചയമുള്ളവരുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍   ധവളപത്രം പുറത്തിറക്കാനാവശ്യമായ സത്വര  നടപടിക്രമങ്ങള്‍ പാലാ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാവശ്യപ്പെടുന്നു എന്നാണ് കത്തില്‍ പറയുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments