Latest News
Loading...

ദ്വിദിന സെമിനാര്‍ ഇന്ന് സമാപിക്കും.




പാലാ അല്‍ഫോന്‍സാ കോളേജില്‍ ഇന്നലെ ആരംഭിച്ച 2 ദിവസത്തെ സെമിനാറിന് ഇന്ന് സമാപനമാകും.  അല്‍ഫോന്‍സാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29,30 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി  ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹികപ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു.  വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ സി. മഞ്ജു എലിസബത്ത് കുരുവിള , മിസ് മഞ്ജു ജോസ്, ബര്‍സാര്‍ റവ ഫാ . കുര്യാക്കോസ് വെള്ളച്ചാലില്‍ , ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യന്‍, ദേശീയ സെമിനാര്‍ കണ്‍വീനര്‍ ആഷ്‌ലി തോമസ്, കോ കണ്‍വീനര്‍ അശ്വതി എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 വിദ്യാഭ്യാസം മനുഷ്യനിലെ ഏറ്റവും മഹത്തരമായ ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാന്‍ ഉതകുന്നതാവണം എന്ന് ദയാബായി പറഞ്ഞു. അവകാശങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് വേണ്ടി പോരാടാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് ശരിയായ വിദ്യാഭ്യാസമാണ്. ഈ വിദ്യാഭ്യാസം കേവലം അറിവ് നേടല്‍ അല്ല,സമൂഹനിര്‍മ്മിതിക്ക് വേണ്ടി തന്നാലാവും വിധം സംഭാവനകള്‍ നല്‍കുന്ന പൗരന്മാരെ വാര്‍ത്തെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. ജീവിക്കുക എന്നാല്‍ താന്‍ ആയിരിക്കുന്ന സാമൂഹിക വ്യവസ്ഥകളെ തിരിച്ചറിയല്‍ ആണ് എന്ന് ദയാബായി പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

 ഓരോ വ്യക്തിയിലും അന്തര്‍ലീനമായിരിക്കുന്ന അഭിനിവേശങ്ങളെ ഏത് പ്രതിസന്ധികള്‍ക്ക് നടുവിലും തിരിച്ചറിഞ്ഞു വളര്‍ത്തിയെടുത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് സ്വന്തം ജീവിതാനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ട് ദയാബായി വിദ്യാര്‍ഥിനികളെ ഉദ്‌ബോധിപ്പിച്ചു. സാങ്കേതികവിദ്യയിലൂടെയും നവമാധ്യമങ്ങളിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതകള്‍ ഉണ്ടെന്നിരിക്കലും പ്രകൃതിയില്‍ നിന്നും മണ്ണില്‍ നിന്നും അപരനിലേക്കുള്ള ഒരു വളര്‍ച്ചയ്ക്ക് മാത്രമേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടി ശബ്ദമായി മാറാന്‍ നമ്മെ പ്രാപ്തരാക്കുകയുള്ളു.  



ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തില്‍ അവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കുന്നില്ലെങ്കില്‍ സ്വേച്ഛാധിപത്യത്തിന്റെ ഇരുണ്ട ഇന്നലെകളെ വീണ്ടും ക്ഷണിച്ചു വരുത്തുകയായിരിക്കും നാം ചെയ്യുക എന്ന് ദയാബായി മുന്നറിയിപ്പു നല്‍കി. 

 കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ  ജീവിതത്തെ തുറന്നു കാണിക്കുന്ന ഏകാംഗ നാടകം ദയാബായി വേദിയില്‍ അവതരിപ്പിച്ചത് കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. വിദ്യാര്‍ത്ഥിനികളുടെ നിറഞ്ഞ പങ്കാളിത്തത്തെ ദയാബായി അഭിനന്ദിച്ചു. തങ്ങള്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാനുള്ള വേദിയായി ഈ അവസരം.



പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശബ്ദങ്ങളും കീഴാള ചരിത്രത്തിന്റെ വീണ്ടെടുപ്പും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍   അരികുവത്കരിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതപഥങ്ങളെ അടയാളപ്പെടുത്തുന്നു. 

 വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉദ്ഘാടന സമ്മേളനത്തിലും ഉച്ചകഴിഞ്ഞ് കോളേജ് മള്‍ട്ടിമീഡിയ ഹാളില്‍ വച്ചുനടന്ന അവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളസിനിമ പ്രദര്‍ശനത്തിലും  സംവിധായകന്‍ ശ്രീ വരുണിനോടൊപ്പം പങ്കെടുത്തു. പല വേദികളിലായി അമ്പതോളം അധ്യാപകരും  വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments