പാല: വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ, പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നൽകുന്ന നാല് പ്രധാന വിദ്യാഭ്യാസ പുരസ്കാരങ്ങൾ സ്വന്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം, നവീന പ്രവർത്തനങ്ങൾ, വിദ്യാർത്ഥി കേന്ദ്രീകൃത സമീപനം എന്നിവയിലൂടെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചതിനുള്ള അംഗീകാരമായാണ് സ്കൂളിന് ഈ അവാർഡുകൾ ലഭിച്ചത്.
മികച്ച സ്കൂളിനായുള്ള ‘ഗോൾഡൻ സ്കൂൾ അവാർഡ്’,
മികച്ച പ്രിൻസിപ്പാളിനുള്ള ‘ഗോൾഡൻ ലീഡർ അവാർഡ്’,
മികച്ച കരിയർ ഗൈഡൻസ് ക്ലബ്ബിനുള്ള ‘ഫ്യൂച്ചർ റെഡി ക്യാമ്പസ് അവാർഡ്’,
മികച്ച കൃഷി പ്രവർത്തനങ്ങൾക്കുള്ള ‘കുട്ടികളും കൃഷിയിലേക്ക് പദ്ധതി - ബെസ്റ്റ് സ്കൂൾ അവാർഡ്’ എന്നീ പുരസ്കാരങ്ങൾക്കാണ് സെൻ്റ് തോമസ് അർഹമായിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര വളർച്ചയും മൂല്യാധിഷ്ഠിത പഠനവുമാണ് സ്കൂളിന്റെ മുഖമുദ്ര. അക്കാദമിക മികവിനൊപ്പം കുട്ടികളിൽ വ്യക്തിത്വ വികസനം, സാമൂഹിക ബോധം, പരിസ്ഥിതി സംരക്ഷണം മുതലായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും സ്കൂൾ പ്രത്യേക പ്രാധാന്യം നൽകിവരുന്നു. ഇതിന്റെ അംഗീകാരമായാണ് ‘ഗോൾഡൻ സ്കൂൾ അവാർഡ്’ സെൻ്റ് തോമസിന് ലഭിച്ചത്. വിദ്യാർത്ഥികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുന്നതിനും അധ്യാപക സമൂഹത്തെ ഏകോപിപ്പിച്ച് മുന്നോട്ടു നയിക്കുന്നതിനും മികച്ച നേതൃത്വം നൽകിയതിന്റെ അംഗീകാരമായാണ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ റെജിമോൻ കെ മാത്യുവിന് ‘ഗോൾഡൻ ലീഡർ അവാർഡ്’ ലഭിച്ചത്.
വിദ്യാർത്ഥികളുടെ ഭാവി തൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞ് കരിയർ ബോധവൽക്കരണ ക്ലാസുകൾ, വിദഗ്ധ സെമിനാറുകൾ, കൗൺസിലിംഗ്, നൈപുണ്യ വികസന പ്രവർത്തനങ്ങൾ എന്നിവ ക്രമബദ്ധമായി നടപ്പാക്കിയതിനാണ് കരിയർ ഗൈഡൻസ് ക്ലബ്ബിന് ‘ഫ്യൂച്ചർ റെഡി ക്യാമ്പസ് അവാർഡ്’ ലഭിച്ചത്. ഡോ. നി ജോയി പി. ജോസാണ് കരിയർ ക്ലബ്ബിൻ്റെ കോർഡിനേറ്റർ, കൂടാതെ, സ്കൂൾ വളപ്പിൽ നടപ്പാക്കിയ കൃഷി പ്രവർത്തനങ്ങൾ, ജൈവ കൃഷി പദ്ധതികൾ, വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ പരിഗണിച്ചാണ് ‘കുട്ടികളും കൃഷിയിലേക്ക് പദ്ധതി - മികച്ച സ്കൂൾ അവാർഡിന്’ സ്കൂൾ അർഹമായത്.
ഈ നേട്ടം സ്കൂളിലെ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,അഭിപ്രായപ്പെട്ടു. ലഭിച്ച പുരസ്കാരങ്ങൾ ഭാവിയിൽ കൂടുതൽ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനുള്ള പ്രചോദനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments