കോട്ടയം : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഒരുപാട് പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ, ഒരേ സ്കൂളിൽനിന്ന് അച്ഛൻ പ്രിൻസിപ്പാളും മകൻ വിദ്യാർഥിയുമായി മത്സരിച്ച് സമ്മാനം നേടുക എന്നത് അപൂർവ്വമാണ്. കോട്ടയം പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ വിൽസൺ ജോസഫും പത്താംക്ലാസ്സുകാരൻ മകൻ പാർഥിവ് വിൽസണുമാണ് ഈ അപൂർവ നേട്ടത്തിലൂടെ താരങ്ങളായത്. പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദിയിൽ അച്ഛനും മകനും സ്റ്റാർ പദവി നേടിയപ്പോൾ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ ഡബിൾ ധമാക്ക !
പ്രിൻസിപ്പാൾ വിൽസൺ സാർ ഹയർ സെക്കന്ററി വിഭാഗം ശാസ്ത്രമേളയുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. സ്കൂളിന്റെ 'തലവൻ' തന്നെ ഒന്നാം സ്ഥാനം നേടിയപ്പോൾ, അതേ സ്കൂളിലെ 'പത്താം ക്ലാസ് പ്രതിനിധി'യായ മകൻ പാർഥിവ് വിൽസൺ ഹൈസ്കൂൾ വിഭാഗം വർക്ക് എക്സ്പീരിയൻസ് മേളയുടെ ഇലക്ട്രോണിക്സ് മത്സരത്തിൽ ഏഴാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കഴിഞ്ഞവർഷവും ഇരുവരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തിരുന്നു. അന്ന് വിൽസൺ സാർ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും പാർഥിവ് എ ഗ്രേഡും നേടിയിരുന്നു. ശാസ്ത്രവും അറിവും തലമുറകളിലേക്ക് പകരുന്നത് നേരിട്ടുകണ്ടതിന്റെ സന്തോഷത്തിലാണ് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments