കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞു വീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.ഏതാനും വർഷങ്ങളായി പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ പരിധിയിൽപ്പെട്ട പച്ചക്കാനം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അവധി പ്രമാണിച്ചാണ് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയത്.
.ഗവിയിൽ ജനിച്ചു വളർന്ന അനിൽകുമാറിനു പൊന്നമ്പലമേട്, ഗവി കാടുകൾ സുപരിചിതമാണ്. ഒഴിവുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ഒറ്റക്കാണ് അനിൽകുമാർ കാട്ടിൽ പോകാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ബന്ധുക്കളുടെ സംഘം ഉൾവനത്തിലേക്കു തിരച്ചിലിനു പുറപ്പെട്ടത്. സംഭവം അറിഞ്ഞ് മൂഴിയാർ പൊലീസും സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം കിലോമീറ്ററുകൾ ചുമന്നാണ് മൃതദേഹം വനപാലകരും സ്‌ഥലവാസികളും കൂടി ഗവിയിൽ എത്തിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments