രാജ്യത്തെ വിവിധ വിഭാഗങ്ങളോടുള്ള സമീപനത്തിലും മതവിശ്വാസത്തിന്റെ പേരിലുള്ള വികലവും തീവ്രവുമായ ഇടപെടലുകളും , വിഘടനാത്മക വാദങ്ങളും രാജ്യസുരക്ഷയ്ക്കും മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് വിഘാദവും ദൂര വ്യാപക പ്രത്യാഘാതത്തിന് വഴിവയ്ക്കുന്നതുമാണെന്നും അതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് മുദരിസുമായ ചെറുശോല അബ്ദുൽ ജലീൽ സഖാഫി അഭിപ്രായപ്പെട്ടു.
ഇസ്ലാമിനെ വികലമായി മനസ്സിലാക്കുകയും തദടിസ്ഥാനത്തിൽ ഇസ്ലാമിക ആദർശങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെയാണ് ചാനൽ ചർച്ചകളിലും മറ്റും ഉപയോഗപ്പെടുത്തുന്നത് ഇത് അപലപനീയമാണ്. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണ സമൂഹത്തിൽ ഉണ്ടാക്കിത്തീർക്കാൻ മീഡിയകളും മറ്റ് സാങ്കേതിക വിദ്യകളും ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ പൊതുബോധം ഉണരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ പ്രചരണാർത്ഥം "100 പ്രകാശ വർഷങ്ങൾ" എന്ന പ്രമേയാടിസ്ഥാനത്തിൽ ജില്ലകൾ തോറും നടത്തപ്പെടുന്ന പണ്ഡിത ക്യാമ്പിന്റെ കോട്ടയം ജില്ലാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് ഖുറാ തങ്ങൾ നഗറിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി എം അനസ് മദനി സ്വാഗതം ആശംസിച്ചു.
സ്വാഗതസംഘം കൺവീനർ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ,സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സതേൺ കേരള ചെയർമാൻ വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി പി ടി നാസർ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സിയാദ് അഹ്സനി, പി എസ് നൗഷാദ് ഹാജി, എസ് ജെ എം വൈക്കം റേഞ്ച് സെക്രട്ടറി സലീം മിസ്ബാഹി, കോട്ടയം റെയിഞ്ച് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി, നദീർ ഷാ, യഅക്കൂബ് നഈമി, പിഎം ഇയാസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
രാജ്യസ്നേഹത്തിന്റെ പേരിൽ തെറ്റായ ധാരണ ഉണ്ടാക്കി രാജ്യദ്രോഹികളായി പലരെയും മുദ്രകുത്തുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത്തരം ദുഷ്പ്രവണതകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതാണെന്നും അത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ നടപടി കൈക്കൊള്ളണമെന്നും സർക്കാരിനോട് സമസ്ത ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments