കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കേസെടുത്തു. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്. കപ്പല്‍ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്.
കൊച്ചി പുറംകടലിലെ കപ്പല്‍ അപകടത്തില്‍ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. നഷ്ടപരിഹാരം മതിയെന്നായിരുന്നു ആദ്യ തീരുമാനം. സംഭവത്തില്‍ കേസെടുക്കേണ്ടെന്ന കേരളത്തിന്റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. എന്നാല്‍, ഈ നിലപാടില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മത്സ്യതൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയില്‍ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം തുടങ്ങിയിരുന്നത്.
എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‌സിക്ക് സല്‍പ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികള്‍ക്കാണ് ആദ്യ മുന്‍ഗണനയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments