റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കോട്ടയം ജില്ലയില്‍ മഴ തുടരുന്നു. രാവിലെ മുതല്‍ ആരംഭിച്ച മഴ ഉച്ചയ്ക്ക് ശേഷവും തുടരുന്നു. എന്നാല്‍ അതിശക്തമല്ലാത്ത മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെ തുടരുന്നു. എന്നാല്‍ വെള്ളപ്പൊക്കഭീഷണിയില്ല. മൂന്നാനിയില്‍ ഒരടികൂടി ഉയര്‍ന്നാല്‍ വെള്ളം റോഡ് നിരപ്പിലെത്തും. എന്നാല്‍ പാലാ ടൗണ്‍ പ്രദേശത്ത് റോഡില്‍ നിന്നും 2 അടിയിലധികം താഴ്ചയിലാണ് ജലനിരപ്പ്.
പലയിടത്തും വിട്ടുവിട്ടുള്ള ശക്തമായ മഴയും ലഭിക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിളക്കുമാടം റോഡില്‍ ഇന്നലെ രാത്രിയില്‍ വെള്ളംകയറിയിരുന്നു. ശക്തമായ മഴ ഇന്ന് രാത്രിയോടെ അവസാനിച്ച് നാളെ സാധാരണനിലയിലേയ്ക്ക് മാറിയേക്കും.
അതേസമയം കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ ആശങ്കയിലാണ്. കിഴക്കന്‍ മേഖലയിലെ ശക്തമായ മഴമൂലം മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ ദുരിതം വിതയ്ക്കുക. മേയ് 31 ന് ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments