Latest News
Loading...

ഈരാറ്റുപേട്ട സ്വകാര്യബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കുന്നു.




ഈരാറ്റുപേട്ട നഗരസഭയുടെ കാലപ്പഴക്കത്തില്‍ തകര്‍ന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പുനര്‍നിര്‍മാണത്തിന് തുടക്കമാകുന്നു. 23 കോടി രൂപ മുതല്‍ മുടക്കി നാല് നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി 45 കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ , ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് കൂടുതല്‍ സൗകര്യവും ഒരുക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാളെ മുതല്‍ ആദ്യ നടപടിയായ കെട്ടിടം പൊളിച്ച് മാറ്റല്‍ പൂര്‍ണ്ണമായ തോതില്‍  ആരംഭിക്കും. ഇതോടെ നഗരത്തിലെ ട്രാഫിക് പരിഷ്‌കരിച്ചു. 
 


1982 ല്‍ അഡ്വ. ഹാജി വി.എം.എ കെരീം സാഹിബിന്റെ കാലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. സമീപ പ്രദേശങ്ങളിലെയും ഈരാറ്റുപേട്ടയിലെയും നൂറുകണക്കിന്  യാത്രക്കാര്‍ ദിനംപ്രതി ഉപയോഗിച്ച് വരുന്നതും നൂറോളം ബസ്സുകള്‍ ദിനം പ്രതി കയറി ഇറങ്ങുന്നതുമാണ് ഈ സ്റ്റാന്‍ഡ്.  കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് നഷ്ടപ്പെടുകയും ചെറിയ  അപകടങ്ങള്‍ മേല്‍ക്കൂരയുടെ ഭാഗം  അടര്‍ന്ന് വീണ് ഉണ്ടായിട്ടുള്ളതുമാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പുനര്‍നിര്‍മാണത്തിന് തുടക്കമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 


നാളെ മുതല്‍ ബസ് സ്റ്റാന്റ് അടച്ച്  സ്റ്റാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ കച്ചവടക്കാരുടെ പൂര്‍ണ്ണമായ സഹകരണത്തോടു കൂടി  ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കി രണ്ട് മാസത്തിനുള്ളില്‍ കെട്ടിടം പണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പുതിയ ബസ് സ്റ്റാന്റ് ആരംഭിക്കുന്നത് വരെ ടൗണിനോട് ചേര്‍ന്നുള്ള മഞ്ചാടി തുരുത്താണ് താല്‍ക്കാലിക സ്റ്റാന്റ് ആയി ഉപയോഗിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പുതിയ കോംപ്ലക്‌സ് പൂര്‍ത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും ,ബസ് ജീവനക്കാരും സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബദുള്‍ ഖാദര്‍ ,സബ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇല്യാസ് ,നാസര്‍ വെള്ളൂപ്പറമ്പില്‍ ,അനസ് പാറയില്‍ ,അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചു. 




ഈരാറ്റുപേട്ട നഗരസഭ  സബ് കമ്മറ്റി തീരുമാനങ്ങള്‍.
1) ഈരാറ്റുപേട്ട നഗരസഭയിലുളള  മഞ്ചാടിത്തുരുത്ത്,  പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂര്‍ത്തീകരിക്കുന്നതു വരെ താല്ക്കാലികമായി  ബസ് സ്റ്റാന്റായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. 
2) കാഞ്ഞിരപ്പളളി -തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ക്ക് മാത്രമാണ് ടി പ്രദേശത്ത് പാര്‍ക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും  അനുവാദം നല്‍കിയിരിക്കുന്നത്. 
3) കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ സി.സി.എം ജംഗ്ഷനില്‍ നിന്നും മുഹദ്ദീന്‍ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തില്‍ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാര്‍ക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീന്‍ പളളി കോസ് വേ പാലം വഴി കുരിക്കള്‍ നഗര്‍ ജംഗ്ഷനില്‍നിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡില്‍ പ്രവേശിക്കണം. 
4) തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍  അരുവിത്തുറ പളളി  വഴി സി.സി.എം.ജംഗ്ഷനില്‍ നിന്നും മുഹദീന്‍ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തില്‍ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കള്‍ നഗര്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി തൊടുപുഴ ഭാഗത്തോട്ട്  പോകേണ്ടതാണ്.
5) മഞ്ചാടിത്തുരുത്തില്‍ പരമാവധി 10 മിനിറ്റ്  മാത്രമേ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് പാടുളളു.
6) കുരിക്കള്‍ ജംഗ്ഷന്‍ മുതല്‍ കോസ് വേ പാലം വരെ പൂഞ്ഞാര്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക്  പ്രവേശനം നിരോധിച്ചിരിക്കുന്നു.  ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളുടെയും പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നു.
7) പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാര്‍ ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ കുരിക്കള്‍ നഗര്‍ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുന്‍വശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്. 
8) ബസ്  സ്റ്റാന്റ് കെട്ടിടം പൊളിച്ച്  തീര്‍ന്ന് സൈറ്റ്ക്ലിയര്‍ ചെയ്തതിനു ശേഷം  നിലവില്‍ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി  ഉപയോഗിക്കുന്നതാണ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments