കോട്ടയം : പി.വി. അൻവർ എംഎൽഎ ഉയർത്തിയ അതീവ ഗുരുതരമായ ആരോപണങ്ങളിൽ വ്യക്തമായ അഭിപ്രായം പറയാതെയുള്ള ജോസ് കെ മാണിയുടെ കബളിപ്പിക്കൽ നാടകം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെ കേരളം നടുങ്ങുന്ന കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഭരണകക്ഷി എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെടാനുള്ള ധൈര്യവും തന്റെടവും ഘടകകക്ഷി നേതാവായ ജോസ് കെ മാണിക്ക് ഉണ്ടോ. കേരളത്തെ ബാധിക്കുന്ന കൊടും കുറ്റകൃത്യത്തിൽ എങ്കിലും അന്ധമായ മുഖ്യമന്ത്രി ഭക്തി ഉപേക്ഷിച്ച് അഭിപ്രായം പറയാൻ വെല്ലുവിളിക്കുന്നു.
പോലീസിനെതിരായ ആരോപണങ്ങളിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്ന വഴുവഴുക്കൻ പ്രസ്താവനയാണ് നീണ്ട മൗനത്തിനുശേഷം ജോസ് കെ മാണി പുറപ്പെടുവിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലെ ഒട്ടുമിക്ക ഘടകകക്ഷികളും ആരോപണങ്ങളിൽ പ്രതികരിച്ച ശേഷമാണ് ജോസ് കെ മാണി വായ തുറന്നത്. നിസ്സാരമായ കുറ്റകൃത്യങ്ങൾ അല്ല ആരോപിക്കപ്പെട്ടിട്ടുള്ളത്. തട്ടിക്കൊണ്ടുപോകൽ, സ്വർണ്ണ കടത്ത്, മാഫിയക്ക് സംരക്ഷണം അങ്ങനെ കേട്ടാൽ ഞെട്ടുന്ന കുറ്റകൃത്യങ്ങളുടെ ഒരു പട്ടികയാണ് അൻവർ നിരത്തിയത്. അതിനുള്ള തെളിവുകളും തന്റെ പക്കൽ ഉണ്ടെന്ന് അൻവർ അവകാശപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ എഫ്ഐആർ ഇട്ട് കേസെടുക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിലുള്ള ഒരു ആവശ്യമാണ് ജോസ് കെ മാണി ഉയർത്തേണ്ടത്.
കൊല്ലാനും കൊല്ലിപ്പിക്കാനും മടിയില്ലാത്ത കുറ്റവാളിയാണ് എഡിജിപി അജിത് കുമാർ എന്നാണ് അൻവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുന്ന ആരോപണമാണ് അൻവർ തൊടുത്തു വിട്ടിരിക്കുന്നത്.
പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ആരോപണം ചൂടേയേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ഒരു ലോബിയുടെ കൈപ്പിടിയിലാണ് കേരള ഭരണം എന്നത് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്.
മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായ ഐഎഎസ് ഉദ്യോഗസ്ഥൻ ലൈഫ് മിഷൻകോഴ കേസിൽ ഇരുമ്പഴിക്കുള്ളിലായിരുന്നു. സ്വർണ്ണക്കടത്ത് കേസിലും ഇദ്ദേഹം പ്രതിയാണ്. അതിനുശേഷവും ഓഫീസ് കേന്ദ്രീകരിച്ചുള്ള രാജ്യ താൽപ്പര്യ വിരുദ്ധമായ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നു എന്നാണ് പുതിയ ആരോപണം തെളിയിക്കുന്നത്.
കേസിലെ വമ്പന്മാർ ആരാണ്. കേരള സമൂഹം ഇത് നേരത്തെ തന്നെ കേട്ടിട്ടുള്ളതാണ്. പി ശശിയിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുന്ന ആരോപണമാണ് അൻവറിന്റേത്. അൻവറിന്റെ പിന്നിൽ സിപിഎമ്മിന്റെ ഉന്നതർ ഉണ്ടെന്നാണ് കേൾക്കുന്നത്. പക്ഷേ ജോസ് കെ മാണി കൈ കഴുകിയുള്ള പ്രസ്താവന നടത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തിൽ തന്റേടത്തോടെയുള്ള പ്രസ്താവന നടത്താൻ ജോസ് കെ മാണി തയ്യാറാവണമെന്നും എന്‍ ഹരി ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments