Latest News
Loading...

പൊതു കളിക്കളത്തില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം




പൂഞ്ഞാര്‍ അടിവാരത്തെ പൊതു കളിക്കളത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം.   തെക്കേക്കര ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നിരവധി കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് കളിക്കളം. മേഖലയിലെ ഏക പൊതു കളിക്കളമാണിത്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് കളിക്കളത്തില്‍ നിര്‍മ്മിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. 



തെക്കേക്കര ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ഈറ്റക്കുന്നില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് 50 തിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് പൊതു ആവശ്യങ്ങള്‍ക്കായി നീക്കിയിട്ടിരുന്ന സ്ഥലത്ത് ഇവിടുത്തെ താമസക്കാര്‍  തന്നെയാണ് കളിക്കളം നിര്‍മ്മിച്ചത്.  നാളുകള്‍ നീണ്ട പരിശ്രമം കൊണ്ട് നാട്ടുകാര്‍ തന്നെയാണ് ഇന്ന് കാണുന്ന രൂപത്തില്‍ കളിക്കളമായി മാറ്റിയത്. ഈ ഭാഗത്തെ താമസക്കാര്‍ക്ക് പുറമെ നാലാം വാര്‍ഡിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള കുട്ടികളും യുവാക്കളുമെല്ലാം ഇവിടെ കായിക വിനോദത്തിനായി എത്താറുണ്ട്. മറ്റൊരു പൊതു കളിക്കളം ഇവിടെയില്ല. പ്രായമായവര്‍ അടക്കമുള്ളവര്‍ വൈകുന്നേരം സമയം ചിലവഴിക്കുന്നതിനും മൈതാനം ഉപയോഗിക്കാറുണ്ട്.




കളിക്കളത്തില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാതെ അനുയോജ്യമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന് സമീപത്ത് തന്നെ ടാങ്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ വക സ്ഥലമുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷകണക്കിന് ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. അതേസമയം  അനുയോജ്യമായ മറ്റ് സ്ഥലം ലഭിച്ചാല്‍ നിലവിലെ തീരുമാനം പുനപരിശോധിക്കുമെന്ന് ഗ്രാമമപഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് അത്യാലില്‍ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments