Latest News
Loading...

സഹകരണനിയമഭേദഗതി പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങൾക്ക് സംരക്ഷണകവചം ഒരുക്കും: മന്ത്രി വി.എൻ. വാസവൻ



കോട്ടയം: പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങളെ സഹായിക്കാൻ പുനരുദ്ധാരണനിധിയിലൂടെ സാധിക്കുന്ന തരത്തിലാണ് സംസ്ഥാനസർക്കാർ സഹകരണനിയമഭേദഗതി നടപ്പാക്കുന്നതെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും പൊതുസമ്മേളനവും തിരുനക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
 



സംസ്ഥാനത്തെ ഏതെങ്കിലും ഒരു സഹകരണസംഘം സാമ്പത്തികമായി പ്രതിസന്ധിയിൽ അകപ്പെട്ടാൽ അവർക്കുവേണ്ടി പുനരുദ്ധാരണനിധി രൂപീകരിക്കാൻ സഹകരണഭേദഗതി നിയമത്തിലൂടെ സാധിക്കും. സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ടും സഹകരണസംഘങ്ങളുടെ ലാഭത്തിൽനിന്നു നീക്കിവയ്ക്കുന്ന കരുതൽ ഫണ്ടും ഉപയോഗിച്ചാണ് പുനരുദ്ധാരണ നിധിക്കു രൂപം കൊടുക്കുന്നത്. കേരളത്തിൽ സഹകരണമേഖലയിൽ ഒരു നിക്ഷേപകനും ഒരു രൂപപോലും നഷ്ടമാകാത്ത തരത്തിലുള്ള സംരക്ഷണകവചം സൃഷ്ടിക്കാനാകുന്ന സാഹചര്യം നിയമഭേദഗതിയിലൂടെ സംജാതമായി എന്നും മന്ത്രി പറഞ്ഞു.  


 ശക്തമായ ജനകീയ അടിത്തറയുള്ള സഹകരണമേഖലയെ ആരുവിചാരിച്ചാലും തകർക്കാനാവാത്ത മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സഹകരണമേഖലയിലെ പരിശോധനാസംവിധാനം ശക്തിപ്പെടുത്തുക വഴി എല്ലാ സംഘങ്ങളിലും സൂക്ഷ്മമായ പരിശോധന നടക്കും. ഇത്തരത്തിൽ സഹകരണമേഖലയെ കുറ്റമറ്റതാക്കി മുന്നോട്ടു നയിക്കാനതുകുന്ന നിരവധി ക്രിയാത്മക നിർദേശങ്ങളാണ് സഹകരണഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. സഹകരണമേഖലയിൽ കോമൺ സോഫ്റ്റ്‌വേർ നടപ്പാക്കി പുതുതലമുറ ബാങ്കുകളോട് മത്സരിക്കാനാകുന്ന തരത്തിൽ പ്രാഥമിക സംഘങ്ങളെ സജ്ജമാക്കും.

 എ.ടി.എമ്മും ഇന്റർനെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിങ്ങുമായി കേരള ബാങ്കിനെ ആധുനികവൽക്കരിച്ചതുപോലെ പ്രൈമറി സംഘങ്ങളെയും കോമൺ സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.


കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്രയോടെയാണ് ജില്ലാതല സഹകരണവാരാഘോഷച്ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ. സതീഷ് ചന്ദ്രൻ നായർ, അഡ്വ. ജോസഫ് ഫിലിപ്പ്, ജോൺസൺ പുളിക്കീൽ, പി.ഹരിദാസ് , കോട്ടയം പി.സി.എ.ആർ.ഡി.ബി പ്രസിഡന്റ് ജി. ഗോപകുമാർ, ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.സി.ഇ. യു കോട്ടയം ജില്ലാ സെക്രട്ടറി കെ. പ്രശാന്ത്, കെ.സി. ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷ്, കോട്ടയം ജില്ലാ സെക്രട്ടറി ബിജു എന്നിവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments