Latest News
Loading...

അടുക്കം ആദ്യം അമ്പരന്നു; അടുത്തറിഞ്ഞപ്പോൾ ആശ്വാസം

കോട്ടയം: ചെളിയിൽ കുളിച്ച, വാവിട്ടു നിലവിളിക്കുന്ന സ്‌കൂൾ വിദ്യാർഥിയെയും കൊണ്ടു മല ഓടിയിറങ്ങിയ ദുരന്തപ്രതികരണ സേനാംഗങ്ങൾ, മലമുകളിലെ ഇടുങ്ങിയ വഴിയിലൂടെ സൈറൺ മുഴക്കി ചീറിപ്പായുന്ന ആംബുലൻസും പോലീസ് വാഹനങ്ങളും. ശാന്തമായ, തെളിഞ്ഞ പകലിൽ മലയിടിഞ്ഞുവെന്നോർത്തു വഴിയോരത്തുനിന്നവർ ഒന്നു പകച്ചു, പിന്നെ ഒപ്പംകൂടി. ദേശീയ ദുരന്ത പ്രതികരണ സേനയുടേയും(എൻ.ഡി.ആർ.എഫ്്), ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടേയും നേതൃത്വത്തിൽ നടത്തിയ ദുരന്തനിവാരണ മോക്ഡ്രില്ലിലായിരുന്നു മലയോരം സാക്ഷ്യം വഹിച്ച രക്ഷാപ്രവർത്തനം.


 തലനാട് വില്ലേജിലെ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളും പരിസരവുമായിരുന്നു മണ്ണിടിച്ചടലിനെത്തുടർന്ന് നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളുടെ മാതൃകാ ഡ്രില്ലിന് വേദിയായത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായാൽ പാലിക്കേണ്ട അടിയന്തര രക്ഷാനടപടികളുടെ അതേ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു മോക്ഡ്രിൽ.  

 രാവിലെ 10.40നാണ് തലനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽനിന്ന് അപകടസൂചന സംബന്ധിച്ച ഫോൺകോൾ വില്ലേജ് ഓഫീസർക്കു വന്നത്. വില്ലേജ് ഓഫീസർ ഉടൻ തന്നെ തഹസീൽദാർക്കു വിവരം കൈമാറി. പൊടുന്നനെ തന്നെ പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളെ തഹസീൽദാർ സജ്ജമാക്കി. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തേക്കു കുതിച്ചെത്തി. മണ്ണിടിച്ചിലുണ്ടായെന്നും കൂടുതൽ ആളുകൾ അപകടപ്പെട്ടിട്ടുണ്ടാകാം എന്നും വിലയിരുത്തി ദുരന്ത പ്രതികരണ സേനയുടെ സഹായം അവർ തേടി. 25 അംഗ ദുരന്ത പ്രതികരണ സേനാംഗങ്ങൾ ഉടൻ തന്നെ കുതിച്ചെത്തി. മണ്ണിടിഞ്ഞുവീണു മലമുകളിൽ മണ്ണിനിടയിൽ പുതഞ്ഞുകിടന്ന പ്ലസ്ടു വിദ്യാർഥിയെ സാഹസികമായി രക്ഷിച്ചു. മലമുകളിൽ കുടുങ്ങിപ്പോയ അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുവിദ്യാർഥികളെക്കൂടി രക്ഷിച്ച് ഇൻസിഡന്റ് കമാൻഡ് പ്രവർത്തിക്കുന്ന കേന്ദ്രത്തിലെത്തിച്ചു. അവിടെ സജ്ജമാക്കിയിരുന്ന ആരോഗ്യവകുപ്പിന്റെ താൽക്കാലിക കേന്ദ്രത്തിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായി വന്നവരെ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
  

.അടുത്തിടെ ഉരുൾപൊട്ടലുണ്ടായ തലനാട് പഞ്ചായത്തിലെ അടുക്കം പേര്യമലയിലെ അതേസ്ഥലത്താണ് മോക്ഡ്രിൽ നടത്തിയത്. യഥാർഥ സാഹചര്യങ്ങൾ തന്നെയായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്കായി ഒരുക്കിയിരുന്നത്. അടിയന്തര രക്ഷാനടപടികളെക്കുറിച്ച്
വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്കും നാട്ടുകാർക്കും അവബോധവും പരിശീലനവും നൽകുന്നതിനുവേണ്ടിയാണ് മോക്ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായിരുന്നു ദുരന്തത്തിലെ ഇരകളായി വേഷമിട്ടത്. അധ്യാപകരും ജീവനക്കാരും നാട്ടുകാരും തലനാട് ഗ്രാമപഞ്ചായത്തംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. മീനച്ചിൽ തഹസീൽദാർ വി.എസ്. സിന്ധു ഇൻസിഡെന്റ് കമാൻഡന്റ് ആയി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മീനച്ചിൽ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബു റെസ്‌പോൺസിബിൾ ഓഫീസറായി പ്രവർത്തിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ ജിനു പുന്നൂസ് പ്രവർത്തനങ്ങൾ വിലയിരുത്തി. കോട്ടയം കളക്‌ട്രേറ്റിലും മീനച്ചിൽ താലൂക്കിലും തദ്ദേശസ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്ന് തൽസമയ വിവരങ്ങൾ കൈമാറി. സേഫ്റ്റി ഓഫീസറായിരുന്നു ദുരന്തമുഖത്തുനിന്ന് വിവരങ്ങൾ കൈമാറിയത്.
 ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആരക്കോണം നാലാം ബറ്റാലിയൻ സർക്കിൾ ഇൻസ്‌പെക്ടർ ജി.സി. പ്രശാന്ത് ആണ് 25 അംഗ സേനയെ നയിച്ചത്. അഗ്നിരക്ഷാസേന, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, വിദ്യാഭ്യാസവകുപ്പ് ജീവനക്കാരും സിവിൽ ഡിഫൻസ് സേനംഗങ്ങളും മോക്ഡ്രില്ലിൽ പങ്കാളിയായി.


 തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ശശി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ആശാ രാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി. ബിന്ദു, വത്സമ്മ ഗോപിനാഥ്, രോഹിണി ബി.ഉണ്ണികൃഷ്ണൻ, ഷമീല ഹനീഫ, എം.എഫ്. ദിലീപ്കുമാർ, എ.ജെ. സെബാസ്റ്റിയൻ, റോബിൻ ജോസഫ്, പാലാ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ ഓഫീസർ എസ്.കെ. ബിജുമോൻ, ഈരാട്ടുപേട്ട സബ് ഇൻസ്‌പെക്ടർ എം. സുജിലേഷ്, തലനാട് സാമൂഹീകാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പ്രീമ കാതറിൻ തോമസ്, തലനാട് സി.എച്ച്.സി. നഴ്‌സിങ് ഓഫീസർ പാവന ചെറിയാൻ, തലനാട് പഞ്ചായത്ത് സെക്രട്ടറി സോഫിയ മാത്യൂ, പാലാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡാനി നൈനാൻ എന്നിവർ മോക്ഡ്രിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക