രാമപുരം: വഴിവക്കില്‍ തള്ളിയ മാലിന്യങ്ങള്‍ തിരികെ എടുപ്പിച്ച് രാമപുരം ഗ്രാമപഞ്ചായത്തും, പോലീസും. കഴിഞ്ഞ ദിവസം പാലാ - രാമപുരം റോഡില്‍ ചക്കാമ്പുഴ നിരപ്പ് കണിയാകുളം വളവില്‍ ഹെല്‍ത്ത് സെന്ററിന് സമീപം റോഡ് സൈഡില്‍ ടിപ്പര്‍ ലോറിയില്‍ കൊള്ളാവുന്നത്ര മാലിന്യങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ ചത്ത എലിയും, പൂച്ചയും അടക്കമുള്ളതിനാല്‍ വലിയ രീതിയിലുള്ള ദുര്‍ഗന്ധമാണ് സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നത്.
സമീപവാസിയായ ഓസ്റ്റിന്‍ കുരിശുംമൂട്ടില്‍ രാമപുരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. മാലിന്യം നിക്ഷേപിച്ചതറിഞ്ഞ് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ടും, വാര്‍ഡ് മെമ്പര്‍ ആല്‍ബിന്‍ ഇടമനശ്ശേരിയും, പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജും ചേര്‍ന്ന് സ്ഥലത്തെത്തി വേസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ പത്തനംതിട്ട നഗരസഭയിലുള്ള ഒരു കടയുടെ ഫോണ്‍ നമ്പരടങ്ങിയ പേപ്പര്‍ കിട്ടാനിടയായി.
അതിലെ ഫോണ്‍ നമ്പരില്‍ പഞ്ചായത്ത് സെക്രട്ടറി വിളിച്ചപ്പോള്‍ നഗരസഭയില്‍ അന്വേഷിക്കുവാന്‍ പറയുകയും. നഗരസഭയില്‍ വിളിച്ചപ്പോള്‍ റിയാസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഏജന്‍സിയെ മാലിന്യ നിര്‍മാര്‍ജനത്തിന് ചുമതലപ്പെടുത്തി എന്ന മറുപടിയാണ് കിട്ടിയത്. നഗരസഭ അധികൃതര്‍ ഏജന്‍സിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പാലാ ഭാഗത്തേയ്ക്ക് കെ.എല്‍. 40 എം. 4304 ടിപ്പര്‍ ലോറിയില്‍ ഒരു ലോഡ് മാലിന്യം പോയതായി അറിയാന്‍ കഴിഞ്ഞു.
രാമപുരം പോലീസ് എസ്.ഐ. മാരായ ജോബി ജോര്‍ജും, ജയന്‍ കെ.ബി.യും, പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് റിയാസിനെയും, ലോറി ഡ്രൈവര്‍ അടിമാലി ആയിരംഏക്കര്‍ മണ്ണൂര്‍ സുമേഷിനെയും വിളിച്ച് വരുത്തി വേസ്റ്റ് ജെ.സി.ബി. ഉപയോഗിച്ച് തിരികെ കോരിച്ചു. പഞ്ചായത്ത് 25000 രൂപ പിഴയിടുകയും ചെയ്തു. രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ച് വരികയാണെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments