Latest News
Loading...

അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തി

അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തി. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെതിരെ ഇപ്പോഴും ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലൊന്നായ ചൈനയിലാണ് രോഗാണുവിനെ കണ്ടെത്തിയത്. 

വിവിധ പ്രവിശ്യകളില്‍ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങള്‍ വളരെ വേഗം പടരുന്നവയാണെന്ന് വിദഗ്ദര്‍ അറിയിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങള്‍ ലോക്ക്ഡൗണിലാണ്. ഏറ്റവും പുതിയ കോവിഡ് -19 രോഗാണുബാധകള്‍ ഷാവോഗാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വകഭേദങ്ങളിലും പകര്‍ച്ചവ്യാധിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവയ്ക്ക് നേരത്തെ കൈവരിച്ച പ്രതിരോധശേഷിയെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുന്നുണ്ടെന്നും രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. 

ഒമൈക്രോണിന്റെ BF.7 വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. BF.7 എന്നത് ഒമിക്രോണ്‍ BA.5 ന്റെ ഒരു സഹ വകഭേദമാണ്. ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും BF.7 വകഭേദം വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Post a Comment

0 Comments