Latest News
Loading...

റിവര്‍വ്യൂ റോഡിന്റെ പേര് ''കുഴി റോഡ്'' എന്നാക്കണം

പാലാ: സ്റ്റേഡിയം ജംഗ്ഷന്‍ മുതലുള്ള റിവര്‍വ്യൂ റോഡിലെ കുഴികള്‍ വലിയ ഗര്‍ത്തങ്ങളായി മാറിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് കടുത്ത അനാസ്ഥയെന്ന് ഐ.എന്‍.ടി.യു.സി. പാലാ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. 

കുഴികളാല്‍ നിറഞ്ഞ റിവര്‍വ്യൂ റോഡിന്റെ പേര് മാറ്റി ''കുഴി റോഡ്'' എന്ന് ബോര്‍ഡ് വയ്ക്കുന്നതാവും ഉചിതം. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഉണ്ടാകാവുന്ന അപകട സാധ്യതകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മഴക്കാലം മാറിയിട്ടും പണികള്‍ തുടങ്ങാത്തതിന്റെ കാരണം പി.ഡബ്ല്യു.ഡിയും നഗരസഭയും വ്യക്തമാക്കണം. 

.തീരുമാനം എടുത്തു എന്ന വാചകമടി നിര്‍ത്തി കുഴി അടച്ച് റിവര്‍വ്യൂ റോഡിലൂടെയുള്ള യാത്ര സുഗമമാക്കിയില്ലെങ്കില്‍ ഐ.എന്‍.ടി.യു.സി. മണ്ഡലം കമ്മറ്റിയുടെ നേതൃത്തില്‍ പി.ഡബ്ല്യു.ഡി. ഓഫീസിനും നഗരസഭയ്ക്ക് മുന്നിലും ഉപരോധമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുന്നതിന് ഐ.എന്‍.ടി.യു.സി. മണ്ഡലം കമ്മറ്റി തീരുമാനിച്ചു.  



.ഷോജി ഗോപി അധ്യക്ഷത വഹിച്ച യോഗം ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആര്‍. സജീവ്, സാബു എബ്രാഹം, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ജോര്‍ജ്ജുകുട്ടി ചെമ്പകശ്ശേരി, ഹരിദാസ് അടമത്തറ, ബൈജു പി.ജെ., മനോജ് വള്ളിച്ചിറ, രാജേഷ് കരൂര്‍, ഷാജി വാക്കപ്പലം, ഷാജി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

.

Post a Comment

0 Comments