Latest News
Loading...

പാർക്കിംഗ് തടഞ്ഞു. പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളികൾ


 കടയ്ക്ക് മുന്നിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ കോടതി സ്വകാര്യ സ്ഥാപന ഉടമയ്ക്ക് അനുകൂലമായി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരുപറ്റം ഓട്ടോതൊഴിലാളികള്‍. ഈരാറ്റുപേട്ട വടക്കേക്കരയിലാണ്  ഓട്ടോറിക്ഷാ തൊഴിലാളികൾ  ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ വലയുകയുന്നത്. 1976 മുതല്‍ നിലവിലുള്ളതാണ് പോലീസ് സ്‌റ്റേഷന് സമീപമുള്ള വടക്കേക്കര ഓട്ടോസ്റ്റാന്‍ഡ്. തലമുറകളായി ഇവിടെ ഓട്ടോ ഓടിച്ച് ജീവിക്കുന്നവരും ഈ സ്റ്റാന്‍ഡിലുണ്ട്. 3 വര്‍ഷം മുന്‍പ് ഇവിടെ പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമയാണ് , കെട്ടിടത്തിന് മുന്നിലെ ഓട്ടോപാര്‍ക്കിംഗ് ഒഴിവാക്കണമെന്ന കോടതിവിധി നേടിയത്. സ്ഥാപനത്തിലേയ്ക്ക് വാഹനങ്ങള്‍ കയറാനാവുംവിധമാണ് തങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും യഥാര്‍ത്ഥവസ്തുകള്‍ ധരിപ്പിക്കാതെയാണ് ഈ വിധി നേടിയതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. 


ഈരാറ്റുപേട്ടയിലെ തന്നെ ആദ്യ ഓട്ടോസ്റ്റാന്‍ഡായ ഇവിടെമാത്രമാണ് പിഡബ്ല്യുഡി റോഡിലല്ലാതെ ഓട്ടോപാര്‍ക്കിംഗ് ഉള്ളതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. 20-ഓളം ഓട്ടോകളാണ് ഈ കളത്തിലുള്ളത്. പരാതികളില്ലാതെയാണ് ഇക്കാലമത്രയും ഇവിടെ ഓട്ടോപാര്‍ക്കിംഗ് നടന്നിരുന്നതെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

തൊട്ടുപിന്നിലുള്ള വ്യാപാരസ്ഥാപനത്തിന് പരാതിയില്ലെന്നും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങള്‍ അകത്തേയ്ക്ക് കടക്കാനാവുംവിധമാണ് തങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളത്. സ്ഥാപനത്തിലേയ്ക്ക് ലോഡ് എത്തുന്ന സാഹചര്യത്തിലോ മറ്റോ വാഹനം മാറ്റി നല്കാറുണ്ടെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. 


സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെയും നഗരസഭയുടെയും തീരുമാനം നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് മെയ് 11ന് കൂടിയ കമ്മറ്റി തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഈ കമ്മറ്റിയില്‍ തങ്ങളെ പങ്കെടുപ്പിക്കുകയോ തങ്ങളുടെ ഭാഗം കേള്‍ക്കുകയോ ചെയ്തില്ലെന്നുമാണ് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നത്. യൂണിയന്‍ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

അതേസമയം നഗരസഭയ്ക്ക് ഇക്കാര്യത്തിൽ പരിമിതികൾ ഉണ്ടെന്ന് ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. കോടതിവിധി നടപ്പാക്കുക മാത്രമാണ് നഗരസഭയ്ക്ക് മുന്നിലുള്ള പോംവഴി. മുൻപ് ഈ വിഷയം ഉയർന്നപ്പോൾ നഗരസഭയും പോലീസുമായി സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. ദൈനംദിന ജീവിതത്തിനായി നെട്ടോട്ടമോടുന്ന ഓട്ടോ ഡ്രൈവർമാരോട് നഗരസഭയ്ക്ക് അനുഭാവപൂർണ്ണമായ സമീപനമാണ് ഉള്ളത്.  തിരക്കേറിയ ഈരാറ്റുപേട്ടയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിൽ ഓട്ടോ പാർക്കിംഗ് പാടില്ല എന്ന നിലപാട് വ്യാപാരികൾ സ്വീകരിക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇരു കൂട്ടരും സഹകരണത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ചെയർപേഴ്സൺ പറഞ്ഞു.



Post a Comment

0 Comments