Latest News
Loading...

കട്ടച്ചിറ ബൈപ്പാസ് റോഡ് നവീകരണം ആരംഭിച്ചു.

 ഏറ്റുമാനൂര്‍-പാലാ റോഡിനെയും കിടങ്ങൂര്‍- മണര്‍കാട് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് കട്ടച്ചിറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള പാലം ജംഗ്ഷനിലേക്ക് എത്തിച്ചേരുന്നതിനുള്ള ഗ്രാമീണറോഡ് ബിഎം ആന്‍ഡ് ബിസി ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന വികസന പദ്ധതിയ്ക്ക് തുടക്കമായി.  മീനച്ചിലാറിന്റെ തീരത്ത് ലഭ്യമാകുന്ന പരമാവധി വീതി പ്രയോജനപ്പെടുത്തികൊണ്ട് റിവര്‍വ്യൂ റോഡ് എന്ന നിലയില്‍ കട്ടച്ചിറ- ചാലക്കടവ് റോഡ് വികസിപ്പിക്കുന്നതിനാണ് ഒരു പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. കട്ടച്ചിറ ജംഗ്ഷനില്‍ നിന്ന് പള്ളിക്കടവിലേക്ക് പോകുന്ന ഗ്രാമീണറോഡ് മെച്ചപ്പെട്ട നിലവാരത്തില്‍ നവീകരിക്കുന്നതിനാണ് രണ്ടാമത്തെ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്.

 ക്ലോസ്സ്ഡ് ഗ്രേഡഡ് ടാറിങ്ങിലൂടെ മെച്ചപ്പെട്ട നിലവാരത്തില്‍ റോഡ് നവീകരിക്കുന്ന വികസന പ്രവര്‍ത്തനമാണ് ഇവിടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വെള്ളപ്പൊക്കം സമയങ്ങളില്‍ പ്രധാനപ്പെട്ട ഈ രണ്ട് റോഡും തകര്‍ന്നടിഞ്ഞ് യാത്ര ചെയ്യാന്‍ കഴിയാത്ത  ദുരവസ്ഥയാണ് ഇതുവരെ ഉണ്ടായിരുന്നത്. പുതിയ പദ്ധതി നടപ്പാക്കുന്നതോടു കൂടി ഈ ദുരവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാവുന്നതാണ് ഏറ്റവും പ്രധാന നേട്ടം. ഇതോടൊപ്പം പ്രധാനപ്പെട്ട രണ്ട് സംസ്ഥാന ഹൈവേകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബൈപ്പാസ് റോഡായി കട്ടച്ചിറ -കിടങ്ങൂര്‍ ബൈപ്പാസ് മാറും എന്നത് നാടിന്റെ വികസന രംഗത്ത് ശ്രദ്ധേയമായ കാല്‍വെയ്പ്പാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.


 പൊതു ജനങ്ങളുടെ സഹകരണത്തോടെ  സ്ഥലം വിട്ടു തരാന്‍ തയ്യാറായാല്‍ കൂടുതല്‍ വീതി കൂട്ടി റോഡ് നിര്‍മ്മിക്കാനാണ് ആദ്യം പദ്ധതി തയ്യാറാക്കിയത്.ഇതിനുവേണ്ടി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് മെമ്പര്‍ പ്രൊ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ റോഡിന് ഇരുവശവുമുള്ള എല്ലാ കുടുംബാംഗങ്ങളെയും നേരില്‍ കണ്ടെങ്കിലും ഭൂരിപക്ഷം പേരും സ്ഥലം വിട്ടുതരാന്‍ തയ്യാറായില്ല. ചുരുക്കം ചിലര്‍ താല്പര്യപൂര്‍വ്വം മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. നാടിനു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി നഷ്ടപ്പെടാതിരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനനേതാക്കളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് പുതിയ തീരുമാനം കൈകൊള്ളുകയായിരുന്നു. ഇതുപ്രകാരം ലഭ്യമാകുന്ന പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി ആരെയും ഉപദ്രവിക്കാതെ റോഡ് വികസനം നടപ്പാക്കുന്നതിനുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

 കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ലെ കേരള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ ബൈപ്പാസിന് അനുമതി ലഭിക്കുന്നത്. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ടെന്‍ഡര്‍നടപകള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റോഡ് വികസന പദ്ധതിക്ക് മൂന്ന് കോടി രൂപയാണ് വിനിയോഗിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.